പ്രവർത്തനം നിലച്ച് കൃഷി വകുപ്പിന്റെ കീഴിലുള്ള അഗ്രോ സർവീസ് സെന്റർ
പ്രവർത്തനം നിലച്ച് കൃഷി വകുപ്പിന്റെ കീഴിലുള്ള അഗ്രോ സർവീസ് സെന്റർ

ഉപ്പുതറയിൽ കൃഷി വകുപ്പിന്റെ കീഴിൽ ലക്ഷങ്ങൾ മുടക്കിയ അഗ്രോ സർവ്വീസ് സെന്റർ ആർക്കും വേണ്ടാതെ നശിക്കുന്നു. ഒൻപതേക്കർ പ്രദേശത്തെ പട്ടികജാതി വിഭാഗത്തിലുള്ള യുവതീ യുവാക്കളുടെ തൊഴിൽ, കാർഷിക അഭിവൃത്തി ലക്ഷ്യമിട്ട് 1995 ലാണ് അഗ്രോ സർവീസ് സെന്റർ തുടങ്ങിയത്. 120 ഓളം പട്ടികജാതി കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി സൊസൈറ്റി രൂപവൽക്കരിച്ച് അതിനു കീഴിലാണ് പ്രവർത്തനം തുടങ്ങിയത്. കൃഷി വകുപ്പിന്റെ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് വിശ്രമ മുറി ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം നിർമ്മിച്ചത്. നിലവും, വയലും പാകപ്പെടുത്തുന്നതിന് രണ്ടു ഡ്രില്ലർ,, തൂമ്പ, കമ്പി, പിക്കാസ് തുടങ്ങിയ മറ്റു കാർഷികോപകരണങ്ങൾ എന്നിവയും സെന്ററിനു വേണ്ടി വാങ്ങിയിരുന്നു. കൃഷി ഭവന്റെ മേൽ നോട്ടത്തിൽ മൂന്നു വർഷം കാര്യക്ഷമമായി സൊസൈറ്റി പ്രവർത്തിച്ചു. അതിനിടെ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ഡ്രില്ലർ മോഷണം പോയി. പിന്നീടിത് വൈക്കത്തു നിന്നും കണ്ടെത്തി. എന്നാൽ മോഷണ സംഭവത്തോടെ അഗ്രോ സർവ്വീസ് സെന്ററിന്റെ പ്രവർത്തനം മന്ദീഭവിച്ചു . ഏതാനും മാസത്തിനുളളിൽ പ്രവർത്തനം പൂർണമായും നിലച്ചു. കാടുകയറി മൂടിയ കെട്ടിടത്തിനുള്ളിലെ ഡ്രില്ലർ ഉൾപ്പെടെയുള്ള മറ്റുപകരണങ്ങൾ തുരുമ്പെടുത്ത് കാലഹരണപ്പെട്ടു പോകുകയും ചെയ്തു.
സൊസൈറ്റിയുടെ പേരിൽ അന്നുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ ഇപ്പോഴും ബാങ്ക് അക്കൗണ്ടിലുണ്ട്. എന്നാൽ സൊസൈറ്റി ഭാരാവാഹികളും , പഞ്ചായത്ത് , കൃഷി അധികൃതരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ല. കൃഷി ഉദ്യോഗസ്ഥർ സ്ഥലം മാറുകയും, പഞ്ചായത്തു ഭരണ സമിതി മാറി വരികയും ചെയ്തതോടെ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് അധികൃതർ കൈമലർത്തുകയാണ്. അതിനിടെ അഗ്രോ സർവീസ് സെന്റർ ഭാരവാഹികളുമായി ധാരണയുണ്ടാക്കി. 2015ൽ കൃഷിഭവന്റെ നിയന്ത്രണത്തിൽ പച്ചക്കറി സംഭരണ കേന്ദ്രം തുടങ്ങി. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഇതിന്റെ പ്രവർത്തനവും നിലച്ചു. . ഇതോടെ കെട്ടിടവും , പരിസരവും വീണ്ടും കാടുകയറി. ഇപ്പോൾ ഇവിടം ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. വാട്ടർ അതോരിറ്റിയുടെ ബൂസ്റ്റർ പമ്പ് ഹൗസ്, കൃഷി ഭവൻ, മൃഗാശുപത്രി എന്നിവ തൊട്ടടുത്താണ് പ്രവർത്തിക്കുന്നത്. സമീപത്ത് താമസക്കാരുമുണ്ട്. കെട്ടിടവും ,പരിസരവും കാടു മുടിക്കിടക്കുന്നത് ഇവർക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കുകയാണ്. അഗ്രോ സർവീസ് സെന്റർ ഏറ്റെടുത്ത് മറ്റെന്തെങ്കിലും സർക്കാർ ആവശ്യത്തിന് പ്രയോജനപ്പെടുത്തി കെട്ടിടവും ,പരിസരവും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






