104-ാം വയസിലും വോട്ടവകാശം വിനിയോഗിച്ച് ഇരട്ടയാര്‍ പൗവ്വത്ത് ആന്റണി വര്‍ക്കി

104-ാം വയസിലും വോട്ടവകാശം വിനിയോഗിച്ച് ഇരട്ടയാര്‍ പൗവ്വത്ത് ആന്റണി വര്‍ക്കി

Dec 9, 2025 - 16:25
 0
104-ാം വയസിലും വോട്ടവകാശം വിനിയോഗിച്ച് ഇരട്ടയാര്‍ പൗവ്വത്ത് ആന്റണി വര്‍ക്കി
This is the title of the web page

ഇടുക്കി: സമ്മതിദാനമെന്ന പൗരാവകാശം വിനിയോഗിക്കാന്‍ 104-ാം വയസിലും ഇരട്ടയാര്‍ പൗവ്വത്ത് ആന്റണി വര്‍ക്കി(അപ്പച്ചന്‍) പോളിങ് ബൂത്തിലെത്തി. പ്രായാധിക്യം തളര്‍ത്താത്ത മനസുമായി ആവേശത്തോടെ വോട്ട് ചെയ്തുമടങ്ങിയ അപ്പച്ചന്‍ 90ലേറെ കുടുംബാംഗങ്ങളുള്ള ഒരുവലിയ കുടുംബത്തിലെ കാരണവരാണ്. വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരെയും ഓര്‍മിപ്പിച്ചാണ് കേരളത്തിലെ ഏറ്റവും പ്രായമുള്ള ദമ്പതിമാരില്‍ ഒരാളായ അപ്പച്ചന്‍ മടങ്ങിയത്. വാഴവര നാങ്കുതൊട്ടിയിലെ പൗവ്വത്ത് കുടുംബത്തിന്റെ നെടുംതൂണാണ് ആന്റണി വര്‍ക്കി. ഇരട്ടയാര്‍ പഞ്ചായത്ത് 10-ാം വാര്‍ഡിലെ വോട്ടറായ അപ്പച്ചന്‍ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന കീര്‍ത്തിയും ആന്റണി വര്‍ക്കി പൗവ്വത്തിനും 99 വയസുകാരിയായ ഭാര്യ ക്ലാരമ്മയ്ക്കും സ്വന്തമാണ്. നടക്കാന്‍ കഴിയാത്തതിനാല്‍ ക്ലാരമ്മയ്ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.
13-ാം വയസുമുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന അപ്പച്ചന്‍ കേരളപ്പിറവിക്ക് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
കോട്ടയം ജില്ലയില്‍നിന്ന് ഹൈറേഞ്ചിലേക്ക് കുടിയേറിയ ആന്റണി മികച്ച കര്‍ഷകന്‍ എന്നതിലുപരി ദീര്‍ഘവീക്ഷണമുള്ള ഒരുപൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി നിരവധി കര്‍ഷക സമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. ഇരട്ടയാര്‍ പഞ്ചായത്തിന്റെ രൂപീകരണത്തിനായി പ്രവര്‍ത്തിച്ചു. ഇരട്ടയാര്‍ സഹകരണ ബാങ്ക്, നെടുങ്കണ്ടം ഭൂപണയ ബാങ്ക് എന്നിവയുടെ ബോര്‍ഡംഗമായും സേവനമനുഷ്ഠിച്ചു. ഇരട്ടയാര്‍, വാഴവര തുടങ്ങിയ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow