ചരിത്രാവശേഷിപ്പായ തോട്ടാപ്പുരയ്ക്ക് സാധ്യതയേറെ: ടൂറിസം വകുപ്പിന് വിട്ടുനല്‍കണമെന്ന് ആവശ്യം
ചരിത്രാവശേഷിപ്പായ തോട്ടാപ്പുരയ്ക്ക് സാധ്യതയേറെ: ടൂറിസം വകുപ്പിന് വിട്ടുനല്‍കണമെന്ന് ആവശ്യം
ഇടുക്കി: കല്ലാര്‍കുട്ടിയിലെ ചരിത്രാവശേഷിപ്പായ തോട്ടാപ്പുര വിനോദസഞ്ചാര വകുപ്പിന് വിട്ടുകൊടുത്ത് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യം. കല്ലാര്‍കുട്ടിയില്‍നിന്ന് വെള്ളത്തൂവല്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ തോട്ടാപ്പുരയിലെത്താം. ടൂറിസം വകുപ്പിന് വിട്ടുനല്‍കിയാല്‍ പ്രദേശത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് പൊന്മുടി, കല്ലാര്‍കുട്ടി, ചെങ്കുളം അണക്കെട്ടുകളുടെയും നേര്യമംഗലം, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുത നിലയങ്ങളുടെയും നിര്‍മാണത്തിനായി കരിമരുന്ന് സൂക്ഷിക്കാന്‍ പാറ തുരന്നുനിര്‍മിച്ചതാണ് തോട്ടാപ്പുര. കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍ റോഡ് കടന്നുപോകുന്നത് തോട്ടാപ്പുരയുടെ മുകളിലൂടെയാണ്. 400 മീറ്റര്‍ പാറ തുരന്നുനിര്‍മിച്ച തോട്ടാപ്പുരയ്ക്കുള്ളില്‍ 600, 200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 മുറികളുണ്ട്. ഇവിടെയാണ് വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. വിനോദസഞ്ചാര വികസനത്തിനായി പുരാവസ്തു-വിനോദസഞ്ചാര വകുപ്പുകള്‍ക്ക് വിട്ടുനല്‍കാന്‍ കെഎസ്ഇബി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ആറര പതിറ്റാണ്ടുമുമ്പ് അണക്കെട്ടുകളുടെയും ജലവൈദ്യുത നിലയങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായതോടെ തുരങ്കം ഉപയോഗരഹിതമായി മാറി. വിനോദസഞ്ചാര രംഗത്ത് ഇടുക്കി മുന്നേറുന്ന സമയമായതിനാല്‍ തോട്ടാപ്പുര സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തും രംഗത്തെത്തിയിരുന്നു.
What's Your Reaction?