കട്ടപ്പന നഗരസഭ ബജറ്റിന് അംഗീകാരം: ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്
കട്ടപ്പന നഗരസഭ ബജറ്റിന് അംഗീകാരം: ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്

ഇടുക്കി: കട്ടപ്പന നഗരസഭ ബജറ്റിന് ഭരണസമിതി അംഗീകാരം നല്‍കി. അഭിപ്രായ പ്രകടനത്തിനുശേഷം ബജറ്റ് സമ്മേളന ചര്‍ച്ച എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. നിലവിലുള്ള ഭരണസമിതിയുടെ അവസാന ബജറ്റാണ് അവതരിപ്പിച്ചത്. കട്ടപ്പനയുടെ വികസനത്തെ മുന്‍നിര്‍ത്തിയുള്ള ബജറ്റാണിതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കട്ടപ്പന താലൂക്ക് ആശുപത്രിയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 75 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന് ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ തുക വകയിരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ മറുപടി നല്‍കി. കമ്പനിപ്പടിയില്‍ സംസ്ഥാനപാതയോരത്ത് താമസിക്കുന്ന സ്വന്തമായി വീടില്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ 25 ലക്ഷം രൂപ ബജറ്റില്‍ അനുവദിച്ച നടപടിയെ ഭരണകക്ഷി അംഗങ്ങള്‍ അഭിനന്ദിച്ചു. ഗ്രാമീണ റോഡുകളുടെ നിര്‍മാണവും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പകല്‍ വീട് നിര്‍മാണം, വനിതകളുടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍, ടൗണ്‍ ഹാള്‍ നവീകരണം, സ്ലോട്ടര്‍ഹൗസ് നിര്‍മാണം, മീറ്റ് സ്റ്റാള്‍ നിര്‍മാണം, കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍, മാലിന്യ സംസ്‌കരണം, സിസി ടിവി എഐ ക്യാമകള്‍ സ്ഥാപിക്കല്‍, സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം ഭരണസമിതി അംഗീകാരം നല്‍കി.
അതേസമയം ആവര്‍ത്തന ബജറ്റ് മാത്രമാണിതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. കട്ടപ്പനയിലെ കായികതാരങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന സ്റ്റേഡിയത്തെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. നിലവിലുള്ള സ്റ്റേഡിയം നവീകരിക്കാനും ഫണ്ട് അനുവദിച്ചിട്ടില്ല. കട്ടപ്പന താലൂക്ക് ആശുപത്രിക്ക് സ്ഥലം ഏറ്റെടുക്കാന്‍ അനുവദിച്ചിട്ടുള്ള ഫണ്ട് വളരെ പരിമിതമാണ്. കൂടാതെ കട്ടപ്പന ടൗണ്‍ ഹാള്‍ പൊളിച്ചത് പുതിയ കെട്ടിടം നിര്‍മിക്കാനും ഫണ്ട് അനുവദിച്ചിട്ടില്ല. ഇത്തവണയും നവീകരിക്കാന്‍ മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത്. വാര്‍ഡുകളിലെ ഗ്രാമീണ റോഡുകള്‍ ഭൂരിഭാഗവും തകര്‍ന്നുകിടക്കുകയാണ്. കട്ടപ്പനയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളൊന്നും ബജറ്റിലില്ലെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
What's Your Reaction?






