ബാംഗ്ലൂരിൽ നഴ്സിംഗ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്
ബാംഗ്ലൂരിൽ നഴ്സിംഗ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്

ബാംഗ്ലൂരിൽ നഴ്സിംഗ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. സംസ്ഥാനത്തുടനീളം 200 പേരിൽ നിന്ന് 3 ലക്ഷത്തോളം രൂപ വീതമാണ് തട്ടിയെടുത്തത്. പലിശ ഇല്ലാതെ പഠനത്തിനായി പണം നൽകാമെന്ന് രക്ഷിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്. സംഭവത്തിൽ അഞ്ച് പേരെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കിയിൽ മാത്രം മുപ്പത്തോളം പേരാണ് തട്ടിപ്പിനിരയായത് .
2021ൽ ദേവാമൃതം എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിവന്നിരുന്നത്. 2022 ലാണ് പരാതിക്കാരായ രക്ഷിതാക്കളിൽ നിന്നും പ്രതികൾ പണം തട്ടുന്നത്. പണം നഷ്ടപ്പെട്ട ആറോളം രക്ഷിതാക്കൾ തങ്കമണി പോലീസ് സ്റ്റേഷൻ നൽകിയ പരാതിയിലാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്.
കൊല്ലം പൂയപ്പള്ളി ചെങ്കുളം സ്വദേശി വട്ടവിള പുത്തൻവീട്ടിൽ ലിജോ ജേക്കബ് ജോൺ ആണ് ഒന്നാം പ്രതി. നെടുങ്കണ്ടം സ്വദേശികളായ പ്ലാത്തോട്ടത്തിൽ ജിതിൻ തോമസ്, തൈക്കൂട്ടത്തിൽ മൃദുൽ ജോസഫ് .കട്ടപ്പന നത്തുകല്ല് സ്വദേശി ഓലിക്കര വീട്ടിൽ ജസ്റ്റിൻ ജെയിംസ്. നെടുങ്കണ്ടം ബാലഗ്രാം കണിശേരിയിൽ വീട്ടിൽ അനൂപ് കെ ടി എന്നിവരാണ് മറ്റു പ്രതികൾ. പ്രതികൾക്കെതിരെ സംസ്ഥാനത്തുടനീളം ഉള്ള വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് തങ്കമണി പോലീസ് ഇൻസ്പെക്ടർ സന്തോഷ് കെ എം എ എസ് ഐ പി പി വിനോദ് എസ് സി പി ഓ ജോഷി ജോസഫ് സിപിഒ ജിതിൻ എബ്രഹാം എന്നിവ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായിട്ടാണ് പോലീസ് നൽകുന്ന വിവരം.
ഓരോ വിദ്യാർഥിയിൽ നിന്നും 25,000 രൂപ പ്രോസസിംഗ് ഫീസ് ആയും പ്രതികൾ വാങ്ങിയിരുന്നു .തുടർന്ന് സർട്ടിഫിക്കറ്റുകൾ മുഴുവനും വിദ്യാർത്ഥികളിൽ നിന്നും വാങ്ങിവെച്ച ശേഷം അഡ്മിഷനുവേണ്ടി എന്ന വ്യാജേന പല രേഖകളിലും വിദ്യാർഥികളെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും ഒപ്പിടിക്കുകയും ചെയ്തു. എന്നാൽ കോളേജുകളിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് ഒരാഴ്ച മാത്രമാണ് ഇവിടെ പഠനം നടത്താൻ കഴിഞ്ഞത്. ട്രസ്റ്റ് കോളേജിൽ പണം അടയ്ക്കാതെ വന്നതോടുകൂടി വിദ്യാർഥികളെ കോളേജ് അധികൃതർ പുറത്താക്കി.
രക്ഷിതാക്കൾ പ്രതികളുടെ സ്ഥാപനത്തിലെത്തി ബഹളം വച്ചതോടെ സർട്ടിഫിക്കറ്റുകൾ മടക്കി നൽകിയെങ്കിലും വിദ്യാർഥികളുടെ പേരിൽ ബാങ്കുകളിൽ നിന്നെടുത്ത മൂന്നുലക്ഷം രൂപ വീതമുള്ള വായ്പ ഏജൻസി തിരികെ അടച്ചില്ല. ഇതോടെ ബാങ്കുകളിൽ നിന്നും വലിയ തുക അടക്കണം എന്ന് കാട്ടി രക്ഷിതാക്കൾക്ക് നോട്ടീസ് എത്തിത്തുടങ്ങി. സംസ്ഥാനത്തുടനീളം 200 ഓളം പേരിൽ നിന്നാണ് ഇത്തരത്തിൽ ഇവർ പണം തട്ടിയെടുത്തത് .ഇടുക്കി ജില്ലയിൽ നിന്ന് മാത്രം 30 പേരിൽനിന്ന് പണം തട്ടിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടതിന് പുറമെ ബാങ്കിനെ സമീപിച്ച് മറ്റൊരു ലോൺ എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാർഥികളുടെ തുടർപഠനവും മുടങ്ങിയിരിക്കുകയാണ്..
What's Your Reaction?






