അടിമാലി വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു
അടിമാലി വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു
ഇടുക്കി: അടിമാലി വെള്ളത്തൂവലിനുസമീപം വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. വീട്ടുടമസ്ഥന്‍ വെള്ളത്തൂവല്‍ സ്വദേശി റെജികുമാറിന്റെ(വിക്രമന്‍) വീടാണ് കത്തിനശിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ശശീന്ദ്രനാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. എന്നാല്‍ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ബുധനാഴ്ച രാത്രി 8.30ഓടെയാണ് അപകടം. പടക്കം പൊട്ടിക്കുന്നതിനിടെ തീപിടിച്ചതാകാമെന്നാണ് കരുതുന്നത്. വീട്ടില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെ സമീപവാസികള്‍ പൊലീസിലും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചു. സേനാംഗങ്ങള്‍ എത്തി തീയണച്ചെങ്കിലും വീട് പൂര്‍ണമായി കത്തിനശിച്ചു. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളത്തൂവല്‍- കല്ലാര്‍കുട്ടി റോഡരികിലുള്ള വീട്ടില്‍ വിക്രമന്‍ തനിച്ചാണ് താമസിക്കുന്നത്. സഹോദരന്‍ ശശീന്ദ്രന്‍ ഇടയ്ക്കിടെ ഇവിടെ താമസിക്കാറുണ്ട്. ബുധനാഴ്ച ഇദ്ദേഹം വീട്ടില്‍ എത്തിയത് പ്രദേശവാസികള്‍ കണ്ടിരുന്നു. സാഹചര്യ തെളിവുകള്‍ കണക്കിലെടുത്താണ് മരിച്ചത് ശശീന്ദ്രന്‍ ആകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ആളുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പെറുക്കി വീട്ടില്‍ സൂക്ഷിക്കുന്ന ശീലം വിക്രമനുള്ളതായി നാട്ടുകാര്‍ പറയുന്നു.
സംഭവസമയം വീട്ടില്‍ ശശീന്ദ്രന്‍ തനിച്ചായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് തീപിടിച്ച് ആളിക്കത്തിയാകാമെന്നാണ് വിലയിരുത്തല്‍. അപകടസമയം വിക്രമന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ സ്ഥിരീകരണമുണ്ടാകൂ. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുത്തു.
What's Your Reaction?