കാഴ്ചകളുടെ കലവറയായി മൂന്നാര്‍ പോതമേട് വ്യൂ പോയിന്റ്
കാഴ്ചകളുടെ കലവറയായി മൂന്നാര്‍ പോതമേട് വ്യൂ പോയിന്റ്
ഇടുക്കി: മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ് പോതമേട് വ്യൂ പോയിന്റ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയും ചുറ്റുമുള്ള മലനിരകളുടെയും ആറ്റുകാടിന്റെയും പള്ളിവാസലിന്റെയും വിദൂരക്കാഴ്ചകളും ഉദയാസ്തമയവുമെല്ലാം സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. സ്വദേശിയരും വിദേശിയരുമടക്കം നൂറുകണക്കിനാളുകളാണ് ഇവിടെ ദിനംപ്രതി എത്തുന്നത്.
കണ്ണെത്താദൂരത്തോളം ഹൈറേഞ്ചിന്റെ ദൂരകാഴ്ചയ്ക്ക് ഇടമൊരുക്കുന്ന പോതമേട്ടില്‍ സദാസമയം വീശുന്ന കാറ്റും കോടമഞ്ഞും സന്ദര്‍ശകര്‍ക്ക് നവ്യാനുഭൂതി സമ്മാനിക്കുന്നു. ഇവിടെ നിന്നുള്ള ഉദയാസ്തമയ കാഴ്ചകളും മനോഹരമാണ്.
സന്ദര്‍ശകര്‍ മണിക്കൂറുകളോളം ചെലവഴിച്ചാണ് മടങ്ങുന്നത്. മൂന്നാര്‍ സമ്മാനിക്കുന്ന കുളിരും പോതമേട്ടിലെ കാഴ്ചകളും ഒരുചൂട് ചായ കുടിച്ച് ആസ്വദിക്കുമ്പോള്‍ മനസിന് സംതൃപ്തി ആവോളമെന്ന് സഞ്ചാരികള്‍ പറയുന്നു.
പഴയ മൂന്നാറിനുസമീപമുള്ള ഹെഡ് വര്‍ക്ക്സ് അണക്കെട്ടിനുമുകളിലൂടെ വ്യൂപോയിന്റിലെത്താം. ട്രക്കിങ് ജീപ്പുകളിലും സ്വന്തം വാഹനങ്ങളിലുമൊക്കെയായി ആളുകള്‍ ഇവിടേയ്ക്ക് എത്തിച്ചേരുന്നു. കാഴ്ചകളുടെ കലവറ കോടമഞ്ഞിന്റെ അന്തരീക്ഷത്തില്‍ ആസ്വദിക്കാന്‍ രാവിലെയും വൈകിട്ടുമാണ് കൂടുതലായി ആളുകള്‍ എത്തുന്നത്.
What's Your Reaction?