അനുകരണ കലയിലൂടെ വിസ്മയിപ്പിച്ച് രാജാക്കാട് സ്വദേശി ഷാജി
അനുകരണ കലയിലൂടെ വിസ്മയിപ്പിച്ച് രാജാക്കാട് സ്വദേശി ഷാജി
ഇടുക്കി: ആറാംതമ്പുരാനിലെ കുളപ്പുള്ളി അപ്പനും അനന്തഭദ്രത്തിലെ ദിഗംബരനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെല്ലാം അനുകരണ കലാകാരന്‍ ഷാജി രാജാക്കാട് അതേവേഷപ്പകര്‍ച്ചയില്‍ വേദികളില്‍ എത്തിക്കും. ശൈലികളും ഭാവങ്ങളും ശബ്ദവൈവിധ്യവും വേഷപ്പകര്‍ച്ചയും കൃത്യമായി പകര്‍ത്തിയാണ് രാജാക്കാട് സ്വദേശിയായ ഷാജി ഓരോ കഥാപാത്രങ്ങളെയും അനുകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ശബ്ദ-വേഷാനുകരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സിനിമാപ്രേമികളും കലാസ്വാദകരും ഒരുപോലെ അഭിനന്ദനവുമായി എത്തുന്നത് ഷാജിയുടെ പ്രകടനങ്ങള്‍ക്ക് വലിയ ഊര്‍ജമായി മാറിയിട്ടുണ്ട്. നരേന്ദ്രപ്രസാദിന്റെ കുടുംബവും വെള്ളാപ്പള്ളി നടേശനുമെല്ലാം ഷാജിയെ അഭിനന്ദിച്ചിരുന്നു. ചെറുപ്പം മുതല്‍ നാടകത്തോടും അഭിനയത്തോടുമുള്ള താല്‍പര്യമാണ് വ്യത്യസ്ത കഥാപാത്രങ്ങളെ അനുകരിക്കാന്‍ പ്രചോദനമായത്. നാട്ടിലെ നാടകവേദികളിലൂടെ ആരംഭിച്ച കലാപ്രയാണം പിന്നീട് ഹ്രസ്വചിത്രങ്ങളിലേക്കും സിനിമകളിലേക്കുമെത്തി. ഇതിനകം നിരവധി ഷോര്‍ട്ട് ഫിലിമുകളിലും തമിഴ് സിനിമയിലും അഭിനയിച്ചു. അനുകരണകല തമാശയില്‍ മാത്രമൊതുങ്ങാതെ, കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും ശൈലിയും മനസിലാക്കി അവതരിപ്പിക്കുന്നതാണ് ഷാജിയുടെ പ്രത്യേകത.
കലാകാരന്‍ മാത്രമല്ല, ഒരു കര്‍ഷകനും കാര്‍ഷിക വിദഗ്ധനുമാണ് ഷാജി. കൃഷിക്കൊപ്പം കലാപ്രവര്‍ത്തനങ്ങള്‍ക്കും സമയംകണ്ടെത്തുന്ന ഷാജി യുവജനങ്ങള്‍ക്കും പ്രചോദനമാണ്. ഇടുക്കിയുടെ കലാസാംസ്‌കാരിക ഭൂപടത്തില്‍ സ്വന്തമായി ഇടംകണ്ടെത്തിയ ഇദ്ദേഹം അനുകരണ കലയിലൂടെ ജനഹൃദയം കീഴടക്കുന്നു.
What's Your Reaction?