നെടുങ്കണ്ടം കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ കേരള പൊലീസ് ജേതാക്കള്‍
നെടുങ്കണ്ടം കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ കേരള പൊലീസ് ജേതാക്കള്‍
ഇടുക്കി: നെടുങ്കണ്ടം കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ കേരള പൊലീസ് ജേതാക്കള്‍. ഫൈനലില്‍ പിഎഫ്‌സി കേരളയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപെടുത്തിയത്. സീസണ്‍ വണ്ണിലും കേരളാ പൊലീസായിരുന്നു ചാമ്പ്യന്‍മാര്‍. ജംഷീദിന്റെ നേതൃത്വത്തില്‍ നിരവധി സന്തോഷ് ട്രോഫി താരങ്ങളുമായി കളത്തിലിറങ്ങിയ പൊലീസ് ടീമിനെതിരെ 14-ാം മിനിറ്റില്‍ പിഎഫ്‌സിയുടെ അഭിനവ് ആദ്യഗോള്‍ നേടിയിരുന്നു. എന്നാല്‍ തുടര്‍ന്ന് കേരളാ പൊലീസിനുവേണ്ടി സുജില്‍, ഷഹനാസ് എന്നിവര്‍ ഗോള്‍ നേടിയതോടെയാണ് ടീം കപ്പുയര്‍ത്തിയത്. വാശിയേറിയ മത്സരത്തിനിടെ മൂന്ന് റെഡ് കാര്‍ഡുകളാണ് ഉയര്‍ന്നത്. കേരള പൊലീസിനുവേണ്ടി കളിച്ചുകൊണ്ടിരുന്ന ഒരു താരവും റിസര്‍വ് സീറ്റിലിരുന്ന ഒരു താരവും റെഡ് കാര്‍ഡ് കണ്ട് പുറത്തായപ്പോള്‍, പിഎഫ്‌സി കേരളയുടെ ഗോവന്‍ പരിശീലകന്‍ വാമന്‍ രോഹിദാസ് ചാനും റഫറിയുടെ റെഡ് കാര്‍ഡ് കണ്ട് പുറത്തായി. കളിക്കാരെ പലതവണ പ്രകോപിതരാക്കിയതിനെത്തുടര്‍ന്നാണ് പരിശീലകന് റെഡ് കാര്‍ഡ് ലഭിച്ചത്. നിരവധി യെല്ലോ കാര്‍ഡുകളും കളിക്കിടെ ഉയര്‍ന്നിരുന്നു. കെഎഫ്എയുടെ രാമചന്ദ്രന്‍ നായരായിരുന്നു മാച്ച് കമ്മീഷണര്‍. നാഷണല്‍ റഫറിമാരായ ജസ്റ്റിന്‍ ജോസ്, പി എച്ച് ജഹാന്‍, മിഥുന്‍, അജയ്കൃഷ്ണ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ഒന്നാം സ്ഥാനം നേടിയ കേരളാ പൊലീസിന് 50,000 രൂപയുടെ ക്യാഷ് പ്രൈസും എന്‍എസ്എ എവര്‍റോളിങ് ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ പിഎഫ്സി കേരളാ ടിമിന് 30,000 രൂപയും എവര്‍ റോളിങ് ട്രോഫിയും ലഭിച്ചു. മത്സരത്തില്‍ മികച്ച ഗോള്‍ കീപ്പറായി പിഎഫ്‌സി കേരളയുടെ ഫൈസലിനെയും മികച്ച കളിക്കാരനായി കേരളാ പൊലീസിന്റെ എന്‍ എസ് സുജിലിനെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ ഈട്ടിക്കല്‍, അഡ്വ. എം എന്‍ ഗോപി, സജീവ് ആര്‍ നായര്‍, സേനാപതി വേണു, റെയ്സണ്‍ പി ജോസഫ്, കെ.എസ് രാധാകൃഷ്ണന്‍, റെജിമോന്‍, യുനസ് സിദ്ധിഖ്, പി.കെ ഷാജി, സൈജു ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?