കുമളിയിൽ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തമിഴ്നാട് ഉദ്യോഗസ്ഥർ : മുല്ലപ്പെരിയാർ വിഷയം രൂക്ഷമാക്കുമെന്ന് സി.പി.എം
കുമളിയിൽ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തമിഴ്നാട് ഉദ്യോഗസ്ഥർ : മുല്ലപ്പെരിയാർ വിഷയം രൂക്ഷമാക്കുമെന്ന് സി.പി.എം

കുമളി പഞ്ചായത്തിലെ ഭരണ സമിതി യോഗത്തിൽ തമിഴ്നാട് ഉദ്യോഗസ്ഥർ പങ്കെടുത്തതിനെതിരെ സി.പി.എം. പഞ്ചായത്ത് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവരുടെ ഒത്താശയോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട രണ്ട് തമിഴ്നാട് എഞ്ചിനിയർമാർ പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതെന്ന് സി.പി.എം നേതാക്കൾ ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വലിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് നടക്കുന്നതെന്നും നേതാക്കൾ പറയുന്നു.
: മുല്ലപ്പെരിയാർ യാത്രയും സംശയകരമെന്ന് ആരോപണം.
കഴിഞ്ഞ മാസം 19 ന് നടന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ പങ്കെടുക്കാനാണ് തമിഴ്നാട് ഉദ്യോഗസ്ഥർ എത്തിയത്. ഇവരെ പിന്നീട് തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും നേതാക്കൾ പറയുന്നു. പഞ്ചായത്തിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ 16ന് തമിഴ്നാട് ബോട്ടിൽ മുല്ലപ്പെരിയാറിലേക്ക് യാത്ര ചെയ്തതും സംശയകരമാണെന്ന് നേതാക്കൾ വ്യക്തമാക്കി.
: ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന്
കെട്ടിട അസസ്മെൻ്റ് സംബന്ധിച്ച് നിലവിൽ കേസുകൾ നിലനിൽക്കുന്ന കുമളിയിലെ ചില ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ നിത്യസന്ദർശകരാണെന്നും സൽക്കാരങ്ങൾ സ്വീകരിക്കുന്നെന്നും നേതാക്കളായ വി.ഐ സിംസൺ, പി.രാജൻ, എൻ.സാബു എന്നിവർ ആരോപിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ യാതൊരു അംഗീകാരമോ അനുവാദമോ കൂടാതെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാൻ ശ്രമിച്ചത് മുല്ലപ്പെരിയാർ വിഷയം രൂക്ഷമാകാൻ കാരണമാകും എന്നും നേതാക്കൾ പറഞ്ഞു. ഇടത് പഞ്ചായത്ത് ഭരണസമിതിക്കെതിരെ നിലകൊള്ളുന്ന ഉദ്യോഗസ്ഥർക്കു മേൽ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.
What's Your Reaction?






