ഹൈറേഞ്ചിന്റെ മൈതാനങ്ങളില്‍ വോളിബോള്‍ ആരവം
ഹൈറേഞ്ചിന്റെ മൈതാനങ്ങളില്‍ വോളിബോള്‍ ആരവം
ഇടുക്കി: ആളും ആരവവും ഒഴിഞ്ഞ ജില്ലയിലെ മൈതാനങ്ങളില്‍ വീണ്ടും വോളിബോള്‍ മത്സരങ്ങളുടെ ആര്‍പ്പുവിളികള്‍ ഉയരുന്നു. കുടിയേറ്റ കാലം മുതലെ വൈദ്യുതിയും ദൃശ്യമാധ്യമങ്ങളും ഒന്നുമില്ലാതിരുന്ന ഗ്രാമങ്ങളിലെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രധാന വിനോദമാക്കി മാറ്റിയതും നെഞ്ചിലേറ്റിയതും വോളിബോളിനെയാണ്. മലപ്പുറത്ത് കാല്‍പന്ത് കളി എങ്ങനെയാണോ അതുപോലെ ഇടുക്കിയുടെ രക്തത്തില്‍ അലിഞ്ഞതാണ് വോളിബോളും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എല്ലുമുറിയെ പണിയെടുത്തതിനുശേഷം മലയോര മേഖലയിലെ ചെറുമൈതാനങ്ങളില്‍ ഒത്തുകൂടുന്ന ഗ്രാമവാസികളായ കര്‍ഷകര്‍ക്ക് വിനോദത്തിനായി ആകെയുള്ളത് ഈ കളിയായിരുന്നു. ചെറിയ മൈതങ്ങള്‍ മതിയെന്നതായിരുന്നു വോളിബോള്‍ ഇടുക്കിയില്‍ വേരോടാന്‍ പ്രധാന കാരണം.
തൊടുപുഴയില്‍നിന്നോ കോതമംഗലത്തുനിന്നോ എത്തിച്ച പഴയ പന്തുകള്‍ തട്ടിയാണ് ഹൈറേഞ്ചുകാര്‍ വോളിബോളിന്റെ ബാലപാഠങ്ങള്‍ ഹൃദസ്ഥമാക്കിയത്. പന്ത് പൊട്ടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ പിന്നെ ആ ഗ്രാമം മുഴുവന്‍ അക്ഷമരായി കാത്തിരിക്കും. പുതിയ പന്തെത്താന്‍. വാഹനമില്ലാതിരുന്ന കാലത്തും കാല്‍നടയായി മുപ്പതും നാല്‍പ്പതും കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ടീം അംഗങ്ങള്‍ പന്തുകളിക്കാന്‍ പോയി. വിജയവും തോല്‍വിയുമൊക്കെയായി ജില്ലയില്‍ കളി തുടര്‍ന്നു. കാലാന്തരത്തില്‍ ഗ്രാമഫോണും റേഡിയോയുമെല്ലാം അപ്രത്യക്ഷമായതുപോലെ വോളിബോള്‍ കളിയും നിലച്ചു. മലയോര മേഖലയിലെ മൈതാനങ്ങള്‍ ക്രിക്കറ്റിനും ഫുട്ബോളിനും വഴിമാറുകയും ചെയ്തു. ഇപ്പോള്‍ ഹൈറേഞ്ചിലെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകളാണ് രണ്ട് പതിറ്റാണ്ടുകാലത്തിനുശേഷം വോളിബോളിനെ തട്ടി ഉരുട്ടി വീണ്ടും കളിക്കളത്തില്‍ എത്തിച്ചത്. പുതുതലമുറ വോളിബോളിനെ നെഞ്ചിലേറ്റിയപ്പോള്‍ പഴയ കളിക്കാര്‍ പലരും ഗ്യാലറിയിലിരുന്ന് മത്സരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. ആദ്യകാല കളിക്കാര്‍ പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ലെങ്കിലും പഴയ തലമുറയോടുള്ള ആദര സൂചകമായാണ് വോളിബോള്‍ ഹൈറേഞ്ചിന്റെ മൈതാനങ്ങളില്‍ സജീവമാക്കുന്നത്. പഴയ നാട്ടുകാരായ കളിക്കാരല്ല കാണികള്‍ക്ക് ഇന്ന് ആവേശം. കേരളത്തിനകത്തും പുറത്തുനിന്നുമായി ക്ലബുകള്‍ വിലകൊടുത്ത് കൊണ്ടുവരുന്ന പുതിയ താരങ്ങളാണ്. കനത്ത സമ്മാന തുകയേക്കാള്‍ ഗ്രാമങ്ങളുടെ ആഹ്ളാദവും ആവേശവുമാണ് ഇവരെ വീണ്ടും വീണ്ടും മലകയറി വോളിബോള്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നത്.
What's Your Reaction?