വിലക്കയറ്റം: ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍
വിലക്കയറ്റം: ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍
ഇടുക്കി: പൊതുവിപണിയിലെ വിലക്കയറ്റം കുടുംബ ബജറ്റിനെയെന്ന പോലെ ഹോട്ടല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു. പച്ചക്കറികളുടെയും മാംസത്തിന്റെയുമടക്കം വില വര്‍ധിച്ചതോടെ പല ചെറുകിട ഹോട്ടലുകള്‍ക്കും മുമ്പോട്ട് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഉപ്പു തൊട്ട് സകല വസ്തുക്കളുടെയും വിലയില്‍ സമീപകാലത്ത് വലിയ വര്‍ധനവ് ഉണ്ടായിട്ടുള്ളതായി ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു. പാചക വാതക വില വര്‍ധനവും വെല്ലുവിളിയാണ്. സാധനങ്ങളുടെ വില വര്‍ധനവിനൊപ്പം തൊഴിലാളികളുടെ കൂലിയും വൈദ്യുതി ചാര്‍ജും വാടകയുമൊക്കെയാകുന്നതോടെ പല ചെറുകിട ഹോട്ടലുടമകള്‍ക്കും മിച്ചം ലഭിക്കുന്നത് തുച്ഛമായ തുകയാണ്. വിനോദ സഞ്ചാര സീസണൊഴിയുന്നതോടെ ഹോട്ടലുകളില്‍ തിരക്ക് കുറയും. പിന്നീട് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍നിന്ന് വേണം വാടകയും മറ്റിതര ചിലവുകളും വഹിക്കാന്‍. അധിക സാമ്പത്തിക ബാധ്യത താങ്ങാനാകാതെ ചെറുകിട ഹോട്ടലുകളില്‍ പലതിനും പൂട്ടുവീണു. ചിലര്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നടക്കം ഹോട്ടല്‍ വ്യവസായത്തെ സംരക്ഷിക്കാനുള്ള ഇടപെടല്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
What's Your Reaction?