പഠനം ഇനി ലാപ്‌ടോപ്പിലൂടെ: സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് വിദ്യാലയമായി കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍
പഠനം ഇനി ലാപ്‌ടോപ്പിലൂടെ: സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് വിദ്യാലയമായി കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍
ഇടുക്കി: കേരളത്തില്‍ ആദ്യമായി കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഹൈബ്രിഡ് പഠന രീതി ആരംഭിച്ചു. ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യും. കൂടാതെ സ്മാര്‍ട്ട് ക്ലാസ് മുറികളും ഡിജിറ്റല്‍ പഠനസംവിധാനങ്ങളും നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ സ്റ്റം സ്റ്റീം മോഡ്യൂളുകള്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കും. സ്‌കൂളിലെ 700ലേറെ കുട്ടികള്‍ ഇനിമുതല്‍ സ്മാര്‍ട്ട് ക്ലാസ് മുറികളില്‍ ലാപ്ടോപ്പിനുമുന്നിലിരുന്ന് പഠിക്കും. ടെക് അവാന്ത് ഗാര്‍ഡേ, മൈക്രോസോഫ്റ്റ്, ഇന്റല്‍ എന്നീ കമ്പനികളുടെ സഹകരണത്തോടെ നൂതന പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റല്‍ പഠനവും നൈപുണ്യ വികസനവും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് ആദ്യമായി ഹൈബ്രിഡ് പഠന രീതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സുരക്ഷിതവും കാലാനുസൃതവുമായ മാറ്റത്തിന് ഈ പഠനരീതി വഴി തെളിക്കും. കോഡിങ്ങും പ്രോഗ്രാമിംഗും സൈബര്‍ സുരക്ഷിതത്വത്തിന്റെ പാഠങ്ങളുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍തലത്തില്‍ തന്നെ സ്വായത്തമാക്കും. കുട്ടികള്‍ക്ക് ആഗോള തലത്തിലുള്ള പഠനാവസരങ്ങള്‍ പദ്ധതി തുറന്നുകൊടുക്കും. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അന്താരാഷ്ട്ര ക്ലാസ്സുകളില്‍ പങ്കെടുക്കാനും പുതിയ സംസ്‌കാരങ്ങളെ അറിയാനും കഴിയുന്നതിലൂടെ ആത്മവിശ്വാസവും വളരുമെന്നും അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, ടെക് അവാന്ത് ഗാര്‍ഡേ സിഇഒ അലി സേട്ട്, കാര്‍ട്ട് ബ്ലാഞ്ച് ഡയറക്ടര്‍ കെ വി വിന്‍സെന്റ്, പിടിഎ പ്രസിഡന്റ് സണ്ണി സേവ്യര്‍, പ്രിന്‍സിപ്പല്‍ ജോജോ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?