കൊളുക്കുമല ജീപ്പ് സവാരിക്ക് ഇനി ഓണ്‍ ലൈന്‍ ബുക്കിങ്
കൊളുക്കുമല ജീപ്പ് സവാരിക്ക് ഇനി ഓണ്‍ ലൈന്‍ ബുക്കിങ്
ഇടുക്കി: ഇടുക്കിയിലേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ കൊളുക്കുമലയിലേയ്ക്കുള്ള ജീപ്പ് സവാരിക്ക് ഇനി ഓണ്‍ ലൈന്‍ ബുക്കിങ് നടത്താം. സവാരിക്ക് അമിതമായി പണം ഈടാക്കുന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തിയത്. ഇരുനൂറിലധികം ജീപ്പുകളാണ് ഇവിടെ സവാരി നടത്തുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റേയും ഡിടിപിസിയുടേയും പഞ്ചായത്തിന്റേയും പൊലീസിന്റേയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത്. ഒരു വര്‍ഷമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയായിരുന്നെന്നും സഞ്ചാരികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൂടുതല്‍ പ്രയോജനകരമാകുന്ന തരത്തില്‍ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പൊതുപ്രവര്‍ത്തകനായ വിഘ്‌നേഷ് പറഞ്ഞു. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം ഏറെ പ്രയോജനകരമാണെന്നും ആരോപണങ്ങള്‍ ഇല്ലാതെ മുമ്പോട്ട് പോകാന്‍ കഴിയുമെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക് ഇവിടേയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ ഓണ്‍ലൈനില്‍ വാഹനങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. സൈറ്റില്‍ കയറുമ്പോള്‍ ക്യൂവിലുള്ള വാഹനങ്ങളുടെ ലിസ്റ്റ് ലഭ്യമാകും. ഇവ പരിശോധിച്ച് വാഹനം സെലക്ട് ചെയ്ത് ബുക്ക് ചെയ്യാം. സഞ്ചാരികളെത്തുന്ന സമയത്തുതന്നെ വാഹനങ്ങളും കൊളുക്കുമല യാത്രയ്ക്ക് തയ്യാറായി പ്രവേശന കവാടത്തിലുണ്ടാകും.
What's Your Reaction?