കട്ടപ്പന നഗരത്തില്‍ വൈദ്യുതി മുടക്കം പതിവ്: പൊറുതിമുട്ടി വ്യാപാരികള്‍: വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കി
കട്ടപ്പന നഗരത്തില്‍ വൈദ്യുതി മുടക്കം പതിവ്: പൊറുതിമുട്ടി വ്യാപാരികള്‍: വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കി
ഇടുക്കി: കട്ടപ്പന നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവായതോടെ വ്യാപാരികള്‍ ദുരിതത്തില്‍. ഞായറാഴ്ച ദിവസങ്ങളിലും വൈദ്യുതി മുടക്കി അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെയും പ്രതിഷേധം ശക്തമായി. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ഭാരവാഹികള്‍ നിവേദനം നല്‍കി. നഗരത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒരുമണിക്കൂര്‍ ഇടവിട്ട് വൈദ്യുതി മുടങ്ങുകയാണ്. ഇത് ബേക്കറികള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ഹോട്ടലുകള്‍ തുടങ്ങി ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഞായറാഴ്ചകളില്‍ മണിക്കൂറുകള്‍ വൈദ്യുതി മുടക്കുകയാണ്. നവീകരണ ജോലികള്‍ വേഗത്തിലാക്കണമെന്നും നഗരത്തില്‍ തിരക്കുള്ള ദിവസങ്ങളില്‍ വൈദ്യുതി മുടക്കരുതെന്നും പലതവണ കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയില്ല. വൈദ്യുതി മുടക്കത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ കെഎസ്ഇബി ഓഫീസ് പടിക്കല്‍ സമരം ആരംഭിക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, യൂണിറ്റ് സെക്രട്ടറി ഷിനോജ് ജി എസ്, ആല്‍വിന്‍ തോമസ്, പി ജെ കുഞ്ഞുമോന്‍, പി ബി സുരേഷ്, എം ആര്‍ അയ്യപ്പന്‍കുട്ടി, രതീഷ് എ വി, ഷെഫീഖ് പി എം, മനു ജോസഫ് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.
What's Your Reaction?