കുമളിയില്‍ ദേശീയപാതയില്‍ ട്രാവലര്‍ കത്തിനശിച്ചു: വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുമളിയില്‍ ദേശീയപാതയില്‍ ട്രാവലര്‍ കത്തിനശിച്ചു: വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാതയില്‍ കുമളിയിലെ തമിഴ്‌നാട് ബസ് സ്റ്റാന്‍ഡിനുസമീപം വിനോദസഞ്ചാരികള്‍ എത്തിയ ട്രാവലര്‍ കത്തിനശിച്ചു. തീ ആളിപ്പടരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. മധുരയില്‍നിന്ന് സഞ്ചാരികളുമായി തേക്കടിയിലേക്ക് പുറപ്പെട്ട ട്രാവലറിലാണ് ഓട്ടത്തിനിടെ തീപിടിത്തമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ 9 പുരുഷന്‍മാരും നാലുസ്ത്രീകളും വാഹനത്തിലുണ്ടായിരുന്നു. തീയും പുകയും ഉയരുന്നതുകണ്ട് ഡ്രൈവര്‍ യാത്രക്കാരോട് വേഗം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ തീ ആളിപ്പടര്‍ന്നു. സന്ദര്‍ശകരുടെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തിനശിച്ചു. ഗൂഡല്ലൂര്‍, ലോവര്‍ക്യാമ്പ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ സ്ഥലത്തെത്തി ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. കമ്പത്തുനിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചു. ഒരു മണിക്കൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനുകാരണമെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?