കറുത്തപൊന്നിനെയും പിന്നിലാക്കി: കൊക്കോ വില സർവകാല റെക്കോർഡിൽ
കറുത്തപൊന്നിനെയും പിന്നിലാക്കി: കൊക്കോ വില സർവകാല റെക്കോർഡിൽ

ഇടുക്കി: കറുത്തപൊന്നിനെയും കടത്തിവെട്ടി കൊക്കോ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഉണക്കപ്പരിപ്പിന് 840- 850 രൂപയും പച്ചപ്പരിപ്പിന് 210- 230 രൂപയുമാണ് വില. കുരുമുളകിനേക്കാൾ ഉയർന്ന വിലയാണിപ്പോൾ ലഭിക്കുന്നത്. എന്നാൽ ഹൈറേഞ്ചിൽ കൊക്കോക്കൃഷി നാമമാത്രമാണ്. ഉൽപ്പാദനവും ഗണ്യമായി കുറഞ്ഞതിനാൽ ഇപ്പോഴത്തെ വില വർധന കർഷകർക്ക് പ്രയോജനപ്പെടില്ല. രണ്ടുമാസത്തിനിടെ 500 രൂപയുടെ വർധനയുണ്ടായി. ഒരുപതിറ്റാണ്ടിന് ശേഷമാണ് കൊക്കോവിലയിൽ ചരിത്രമുന്നേറ്റമുണ്ടാകുന്നത്. എന്നാൽ വിലയുള്ളപ്പോൾ വിളവില്ലാത്തതും വിളവുള്ളപ്പോൾ വിലയില്ലാത്തതുമായ പതിവ് പ്രതിഭാസം കർഷകരെ നിരാശരാക്കുന്നു. ഉണക്കപ്പരിപ്പ് സംഭരിച്ചിരുന്ന കർഷകർ ഇപ്പോൾ വിപണിയിൽ ഉൽപ്പന്നം വിറ്റഴിച്ചുതുടങ്ങി.
ഒന്നര പതിറ്റാണ്ട് മുമ്പ് വരെ ഹൈറേഞ്ചിൽ വ്യാപകമായി കൃഷി കൊക്കോ ചെയ്തിരുന്നു. ചുരുങ്ങിയ ചെലവിൽ കൂടുതൽ വരുമാനം ലഭിക്കുന്ന വിളയാണെങ്കിലും ഉൽപ്പാദനം വൻതോതിൽ ഇടിഞ്ഞു. ഇതോടെ കർഷകർ കൊക്കോ വെട്ടിമാറ്റി ഏലം കൂടുതൽ കൃഷി ചെയ്തു. കാലാവസ്ഥ അനുകൂലമായ ഹൈറേഞ്ചിൽ ലോ റേഞ്ചിനേക്കാൾ കൂടുതൽ ഉൽപ്പാദനം ലഭിക്കും. അതേസമയം എലി, അണ്ണാൻ, മരപ്പട്ടി തുടങ്ങിയവ കൃഷിക്ക് ഭീഷണിയായി. കായകൾ വിളവെടുപ്പിന് പാകമാകുംമുമ്പേ ഇവറ്റകൾ തിന്നുതീർക്കുന്നു. ചൂടും വരൾച്ചയും മൂലം കായകൾക്ക് വലുപ്പം വയ്ക്കുന്നില്ല. കൂടാതെ അണ്ണാന്റെയും മരപ്പട്ടിയുടെയും ശല്യം ഭയന്ന് പലരും മൂപ്പെത്തുംമുമ്പ് കായകൾ വിളവെടുക്കുകയാണ്. രാജ്യത്തെ കൊക്കോ ഉൽപ്പാദനത്തിന്റെ 40 ശതമാനം കേരളത്തിലാണ്. ഇടുക്കിയിലാണ് കൂടുതൽ കൃഷി.
What's Your Reaction?






