അണക്കരയില്‍ തെരുവുനായ വീട്ടില്‍ കയറി കടിക്കാന്‍ ശ്രമിച്ചു: വെള്ളമൊഴിച്ചയുടനെ നായ ചത്തുവീണു: പേവിഷബാധയെന്ന് സംശയം
അണക്കരയില്‍ തെരുവുനായ വീട്ടില്‍ കയറി കടിക്കാന്‍ ശ്രമിച്ചു: വെള്ളമൊഴിച്ചയുടനെ നായ ചത്തുവീണു: പേവിഷബാധയെന്ന് സംശയം
ഇടുക്കി: അണക്കര ഏഴാം മൈലില്‍ തെരുവുനായ വീട്ടില്‍ കയറി കടിക്കാന്‍ പാഞ്ഞടുത്തു. പെട്ടെന്ന് കതക് അടച്ചതിനാല്‍ വീട്ടുടമസ്ഥന്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 7ഓടെയാണ് സംഭവം. ഏഴാം മൈല്‍ പിഎഎസിക്ക് സമീപം താമസിക്കുന്ന കിഴക്കേ കടയ്ക്കകത്ത് പൊന്നപ്പന്‍ ചെട്ടിയാരുടെനേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. നായ പോകാതെനിന്ന് കുരച്ചതിനാല്‍ ഇതിനെ ഓടിക്കാനായി വെള്ളം കോരിയൊഴിക്കുകയും ഉടന്‍തന്നെ നായ നിലത്ത് വീണ് പിടഞ്ഞു ചാകുകയുമായിരുന്നു. ദൃശ്യങ്ങള്‍ ഇദ്ദേഹം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്തംഗം ജയന്‍ കുഴിക്കാട്ടിനെ അറിയിക്കുകയും അദ്ദേഹം ഉടന്‍ സ്ഥലത്തെത്തി മൃഗഡോക്ടറെ ബന്ധപ്പെടുകയും ചെയ്തു. പേവിഷബാധയാണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ തൃശൂര്‍ മണ്ണുത്തിയില്‍ നായയുടെ ജഡം എത്തിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്തംഗം ജയന്‍ കുഴിക്കാട്ട് അഭ്യര്‍ഥിച്ചു. അണക്കരയിലും പരിസരപ്രദേശങ്ങളിലും നായ ശല്യം രൂക്ഷമാണ്. കൂട്ടമായി നടന്ന് ആക്രമിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളും കാല്‍നടയാത്രക്കാരും ഏറെ ഭീതിയിലാണ്. എത്രയും വേഗം തെരുവുനായ ശല്യത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?