തേവാരംമെട്ട്-തേവാരം റോഡ് തുറക്കണം: തേവാരത്ത് നിരാഹാര സമരം നടത്തി നാട്ടുകാര്‍
തേവാരംമെട്ട്-തേവാരം റോഡ് തുറക്കണം: തേവാരത്ത് നിരാഹാര സമരം നടത്തി നാട്ടുകാര്‍
ഇടുക്കി: ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയെയും മധുരയെയും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നെടുങ്കണ്ടം തേവാരംമെട്ട്-തേവാരം റോഡിനായുള്ള ജനകീയാവശ്യം വീണ്ടും സജീവമാകുന്നു. റോഡ് തുറക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് തേവാരത്ത് നാട്ടുകാര്‍ നിരാഹാര സമരം നടത്തി. തമിഴ്‌നാടിന്റെ ഭാഗമായ മൂന്നര കിലോമീറ്ററോളം റോഡ് ഗതാഗതയോഗ്യമാക്കി പാത പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുമ്പ് ചരക്കുനീക്കം വരെ നടന്നിരുന്ന പാത തമിഴ്‌നാട് അടയ്ക്കുകയായിരുന്നു. 1964ല്‍ എംജിആര്‍ തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഈ റോഡ് നിര്‍മാണത്തിന് പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍, തമിഴ്‌നാട് വനംവകുപ്പിന്റെ എതിര്‍പ്പ് മൂലം പദ്ധതി നടപ്പാക്കാനായില്ല. പിന്നീട് 1981-ല്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തിയിരുന്നു. തുടര്‍ന്ന് പല തവണ റോഡ് നിര്‍മിക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല. റോഡ് യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് സമരത്തിന് പിന്തുണ അറിയിച്ച് തേവാരത്ത് എത്തിയ കെപിസിസി സെക്രട്ടറി എം എന്‍ ഗോപി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിഷയത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ഇരുസംസ്ഥാനങ്ങളിലെയും അതിര്‍ത്തി മേഖലയില്‍ ഉള്ളവരുടെ തീരുമാനം. വരും ദിവസങ്ങളിലും ശക്തമായ തുടര്‍ സമരങ്ങളുമായി രംഗത്തുവരാനാണ് ഇടുക്കിയിലെയും തേവാരത്തെയും ജനങ്ങള്‍ പദ്ധതിയിടുന്നത്.
What's Your Reaction?