ഇന്‍ഡോര്‍ സ്റ്റേഡിയം ഉപേക്ഷിക്കല്‍: എല്‍ഡിഎഫ് തങ്കമണിയില്‍ ധര്‍ണ നടത്തി
ഇന്‍ഡോര്‍ സ്റ്റേഡിയം ഉപേക്ഷിക്കല്‍: എല്‍ഡിഎഫ് തങ്കമണിയില്‍ ധര്‍ണ നടത്തി
ഇടുക്കി: തങ്കമണിയില്‍ അനുവദിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം ഉപേക്ഷിച്ച കാമാക്ഷി പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ധര്‍ണ നടത്തി. തങ്കമണിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് തങ്കമണി വൈഎംഎയുടെയും മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും അഭ്യര്‍ഥനയില്‍ പഞ്ചായത്തില്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍
1.5 കോടി രൂപ അനുവദിക്കുകയും പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍, പുതുതായി അധികാരത്തിലെത്തിയ യുഡിഎഫ് ഭരണസമിതി, വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വേണ്ടെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. ഇതിനെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും സ്റ്റേഡിയം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്റെയും ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസിന്റെയും ഇടപെടലില്‍ അനുവദിച്ച സ്റ്റേഡിയം യുഡിഎഫ് ഭരണസമിതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കായികതാരങ്ങളോടുള്ള വെല്ലുവിളിയാണ്. പദ്ധതി ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം സെക്രട്ടറി ജോയി കുഴിപ്പള്ളി അധ്യക്ഷനായി. നേതാക്കളായ എം ജെ ജോണ്‍, കെ ജെ ഷൈന്‍, മോളിക്കുട്ടി ജെയിംസ്, എം കെ അനീഷ്, പി എം മനോജ്, പി ഡി സത്യന്‍, എന്‍ ആര്‍ അജയന്‍, സൈബി തോമസ്, എം വി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?