മാങ്ങാതൊട്ടിയിലെ കോഴിഫാമുകളില്‍ അജ്ഞാത ജീവിയുടെ ആക്രമണം: 600ലേറെ കോഴികള്‍ ചത്തു 

മാങ്ങാതൊട്ടിയിലെ കോഴിഫാമുകളില്‍ അജ്ഞാത ജീവിയുടെ ആക്രമണം: 600ലേറെ കോഴികള്‍ ചത്തു 

Jan 29, 2026 - 17:10
 0
മാങ്ങാതൊട്ടിയിലെ കോഴിഫാമുകളില്‍ അജ്ഞാത ജീവിയുടെ ആക്രമണം: 600ലേറെ കോഴികള്‍ ചത്തു 
This is the title of the web page

ഇടുക്കി: സേനാപതി മാങ്ങാതൊട്ടിയില്‍ കോഴിഫാമുകളില്‍ അജ്ഞാത ജീവിയുടെ ആക്രമണം. രണ്ട് ഫാമുകളിലായി 600ലേറെ കോഴികള്‍ ചത്തു. മാങ്ങാതൊട്ടി ടൗണിന് സമീപമുള്ള രണ്ട് കോഴി ഫാമുകളിലാണ് ബുധനാഴ്ച രാത്രിയില്‍ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്. വര്‍ഷങ്ങളായി കോഴി ഫാം നടത്തിവരുന്ന ഇടികുഴിയില്‍ വര്‍ഗീസിന്റെ ഫാമിലെ ആയിരത്തിലേറെ കോഴികളില്‍ അഞ്ഞൂറിലധികവും ചത്തു. പലതിനെയും ഭക്ഷിച്ചിട്ടുമുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കര്‍ഷകനുണ്ടായത്. രാത്രിയില്‍ കോഴികള്‍ക്ക് തീറ്റകൊടുക്കാന്‍ എത്തിയപ്പോളാണ് കോഴികളെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നതായി കണ്ടെത്തിയത്. രാത്രി രണ്ട് മണിയോടെയാണ് പനച്ചിക്കല്‍ വിജയന്റെ ഫാമിലെ കോഴികളെ അജ്ഞാത ജീവി ആക്രമിച്ചത്. ഈ ഫാമിലെ അമ്പതിലധികം കോഴികളെ അജ്ഞാത ജീവി കൊന്നു ഭക്ഷിച്ചു. വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമിച്ചത് ഏത് മൃഗമെന്നതില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. കാട്ടുപൂച്ച പോലുള്ള ഏതെങ്കിലും മൃഗങ്ങളായിരിക്കാം ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നും ബോഡിമെട്ട് സെക്ഷന്‍ ഫോറസ്റ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. അതേ സമയം ലക്ഷങ്ങളുടെ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ ഇടപെടണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലംഗം സി യു ജോയി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow