സംസ്ഥാന ബജറ്റില്‍ തോട്ടം മേഖലയെ അവഗണിച്ചു: കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
സംസ്ഥാന ബജറ്റില്‍ തോട്ടം മേഖലയെ അവഗണിച്ചു: കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
ഇടുക്കി: സംസ്ഥാന ബജറ്റില്‍ തോട്ടം മേഖലയെ അവഗണിച്ചതായി കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്. ലയങ്ങളുടെ നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും തുടര്‍നടപടിയില്ല. തോട്ടം മേഖലയില്‍ തൊഴില്‍ പ്രതിസന്ധി തുടരുമ്പോഴും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടുന്നില്ല. തൊഴിലാളി യൂണിയനുകള്‍ തോട്ടം മാനേജ്‌മെന്റുമായി മന്ത്രിതല ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴില്‍ വകുപ്പ് തോട്ടം മാനേജ്‌മെന്റുകള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് തകര്‍ന്നുവീഴാറായ ലയങ്ങളുടെ നവീകരണത്തിനാണ് 10 കോടി അനുവദിച്ചത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രാരംഭ നടപടി ആരംഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തോട്ടംതൊഴിലാളി ക്ഷേമത്തിനായി നിയോഗിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ റിപ്പോര്‍ട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല. തോട്ടം മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായുള്ള നിര്‍ദേശങ്ങളാണ് നടപ്പാക്കിയതെന്നും ഷാജി പൈനാടത്ത് ആരോപിക്കുന്നു.
പീരുമേട് താലൂക്കിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്ന വാഗ്ദാനവും കടലാസിലായി. പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് വേതനം കിട്ടാത്ത സ്ഥിതിയാണ്. പലരും മറ്റ് ജോലികള്‍ക്കുപോയി ഉപജീവനം നടത്തുന്നു. കഴിഞ്ഞ മഴക്കാലങ്ങളില്‍ ലയങ്ങള്‍ തകര്‍ന്ന് അപകടങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ഷാജി പൈനാടത്ത് പറഞ്ഞു.
What's Your Reaction?