ഒരു ഗ്രാമത്തിന്റെ സാസ്‌കാരിക ആത്മാവായി ഉടുമ്പന്‍ചോല പള്ളിക്കുന്നിലെ ഗ്രാമീണ വായനശാല
ഒരു ഗ്രാമത്തിന്റെ സാസ്‌കാരിക ആത്മാവായി ഉടുമ്പന്‍ചോല പള്ളിക്കുന്നിലെ ഗ്രാമീണ വായനശാല
ഇടുക്കി: ഒരു ഗ്രാമത്തിന്റെ സാംസ്‌കാരിക ആത്മാവായി മാറുകയാണ് ഉടുമ്പന്‍ചോല പള്ളിക്കുന്നിലെ ഗ്രാമീണവായനശാല. ആധുനികതയുടെ കടന്നുകയറ്റത്തില്‍ വായനയും വായനശാലകളും പലിടങ്ങളിലും പഴയകാല ഓര്‍മകളായി മാറുമ്പോഴാണ് ഈ വായനശാല ഇന്നും ഒരു ഗ്രാമത്തിന്റെ സാംസ്‌കാരിക ആത്മാവായി നിലകൊള്ളുന്നത്. പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കെത്തിയപ്പോഴെല്ലാം പള്ളിക്കുന്നിലെ ഗ്രാമീണവായനശാലയെ കൈവിടാന്‍ പ്രദേശവാസികള്‍ തയാറായില്ല. വരും തലമുറയെ വായനയിലേയ്ക്കും അറിവിന്റെ ലോകത്തിലേയ്ക്കും കൈപിടിച്ച് നയിക്കണമെന്ന ദൃഢനിശ്ചയമാണ് ഇതിന്റെ ശക്തി. 1973-ലാണ് പള്ളിക്കുന്നില്‍ വായനശാലയും, അതിനോടനുബന്ധിച്ച് ജൂബിലന്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും പ്രവര്‍ത്തനം ആരംഭിച്ചത്. ഒരുകാലത്ത് പുസ്തകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനം മന്ദീഭവിച്ചെങ്കിലും,2000-ല്‍ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് ആയിരത്തിലധികം പുസ്തകങ്ങള്‍ സമാഹരിച്ച് വായനശാലയുടെ പ്രവര്‍ത്തനം വീണ്ടും ഊര്‍ജിതമാക്കി. കലാ-കായിക മത്സരങ്ങളിലൂടെ ഗ്രാമത്തെ സജീവമായി നിലനിര്‍ത്തുന്നതിലും ക്ലബ് നിര്‍ണായക പങ്കുവഹിച്ചു. നവമാധ്യമങ്ങളുടെ കടന്നുവരവോടെ വായനശാലയുടെ പ്രവര്‍ത്തനം വീണ്ടും മന്ദമായെങ്കിലും പള്ളിക്കുന്നിലെ ജനങ്ങള്‍ വായനശാലയെ മറന്നില്ല. ജനുവരിയില്‍ വാര്‍ഡ് മെമ്പര്‍ സാന്റോച്ചന്‍ കൊച്ചുപുരക്കല്‍, ഷാജി വി.എം, സുനില്‍കുമാര്‍ പുന്നേക്കുന്നേല്‍, വിജയന്‍ മാത്യു എന്നിവരെ ഉള്‍പ്പെടുത്തി പുതിയ ഭരണസമിതി രൂപീകരിച്ചതോടെ വായനശാലയ്ക്ക് പുതുജീവന്‍ ലഭിച്ചു. പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ കെട്ടിട നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു നാടിന് അറിവിന്റെ വെളിച്ചമായി നിന്ന ഗ്രന്ഥശാലയുടെ ജൂബിലി ആഘോഷങ്ങള്‍ നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഭാരവാഹികള്‍. പള്ളിക്കുന്ന വായനശാലയുടെ ജൂബിലി ആഘോഷങ്ങള്‍ മാര്‍ച്ച് ഒന്നിന് സംഘടിപ്പിക്കും. പുസ്തകങ്ങളോടുള്ള സ്‌നേഹവും വായനയോടുള്ള പ്രതിബദ്ധതയും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു ഗ്രാമത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ഈ വായനശാല.
What's Your Reaction?