വാഹനാപകടമുണ്ടാക്കിയാളെ ആള്‍മാറാട്ടത്തിലൂടെ രക്ഷിക്കാന്‍ ഗൂഡാലോചന: അപകടത്തില്‍ ഗുരുതര പരിക്കേറ്റ കരിമ്പന്‍ സ്വദേശിക്കെതിരെ കള്ളക്കേസ്
വാഹനാപകടമുണ്ടാക്കിയാളെ ആള്‍മാറാട്ടത്തിലൂടെ രക്ഷിക്കാന്‍ ഗൂഡാലോചന: അപകടത്തില്‍ ഗുരുതര പരിക്കേറ്റ കരിമ്പന്‍ സ്വദേശിക്കെതിരെ കള്ളക്കേസ്
ഇടുക്കി: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആള്‍മാറാട്ടം നടത്തി പ്രതിയെ രക്ഷപെടുത്താന്‍ കട്ടപ്പന പൊലീസ് കള്ളക്കേസ് എടുത്തതായി അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ്. ഇടുക്കി വാഴത്തോപ്പ് കരിമ്പന്‍ കല്ലുവിളയില്‍ ധര്‍മരാജന്റെ മകന്‍ എബിനാണ് (27) 2022 നവംബര്‍ 12ന് കട്ടപ്പന ഏഴാം മൈലില്‍ നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കരിമ്പനില്‍നിന്ന് എബിനും സുഹൃത്ത് നവീന്‍ ജോര്‍ജി സോയിയും ബൈക്കില്‍ കട്ടപ്പനയിലേക്ക് വരുമ്പോള്‍ എതിര്‍ ദിശയില്‍വന്ന സ്‌കൂട്ടര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അശ്രദ്ധമായി ഹെല്‍മറ്റ് പോലും ധരിക്കാതെ വളവുവീശി വന്ന സ്‌കൂട്ടറാണ് അപകടം ഉണ്ടാക്കിയതെന്ന് എബിനും നവീനും പറയുന്നു. ഗുരുതരമായി പരുക്കേറ്റ എബിന്‍ 18 ദിവസത്തോളം അബോധാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസകോശത്തിനും തലച്ചോറിനും അടക്കം ക്ഷമേറ്റതിനെ തുടര്‍ന്ന് നിരവധി സര്‍ജറികള്‍ പൂര്‍ത്തിയാക്കിയ എബിന്‍ ഇപ്പോഴും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന നവീന്‍ തെറിച്ചുവീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപെട്ടു.
അപകട സമയത്ത് തെറിച്ചുവീണ നവീന്‍ എഴുന്നേറ്റു നോക്കിയപ്പോള്‍ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും ചോര ഒലിപ്പിച്ച നിലയില്‍ എബിന്‍ കിടക്കുന്നതാണ് കണ്ടത്. സ്‌കൂട്ടര്‍ യാത്രികരായിരുന്ന കട്ടപ്പന പത്താംമൈല്‍ സിഎംഐ ആശ്രമത്തിലെ വാര്‍ഡനായ ജിബിനും മറ്റൊരാളും നിസാര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഈ സമയത്ത് ഇവിടെയെത്തിയ കാര്‍ യാത്രികരാണ് എബിനെ ആശുപത്രിയിലെത്തിച്ചത്. അപകടമുണ്ടാക്കിയ സ്‌കൂട്ടര്‍ യാത്രികര്‍ക്കെതിരെ നവീന്‍ 14ന് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജിബിനാണ് വാഹനം ഓടിച്ചിരുന്നത് എന്ന് കാണിച്ച് പൊലീസ് കേസ് എടുത്തിരുന്നെങ്കിലും കട്ടപ്പന ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന കേസില്‍ പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ജിബിന്റെ പേര് മാറ്റി പകരം ജൂബിള്‍ വര്‍ഗീസ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത് എന്നാക്കി മാറ്റി. ഇയാളാണ് അപകടമുണ്ടാക്കിയ വാഹനത്തിന്റെ യഥാര്‍ഥ ഉടമ. അപകടമുണ്ടാക്കിയ ആളെ സംരക്ഷിക്കാന്‍ നടത്തിയ ഗൂഡ നീക്കത്തില്‍ പൊലീസ് അടക്കം പങ്കാളികളാകുകയായിരുന്നുവെന്നും എബിനും നവീനും ആരോപിച്ചു.
ജൂബിള്‍ വര്‍ഗീസിനു വേണ്ടി ആശുപത്രി രേഖകളിലും കൃത്രിമം കാട്ടിയിട്ടുണ്ട്. യഥാര്‍ഥ പ്രതിയെ സംരക്ഷിക്കുന്നതിനായി രേഖകളില്‍ അടക്കം കൃത്രിമം കാണിച്ച് നിരപരാധിയായ തനിക്കെതിരെ ക്രിമിനല്‍ കേസ് കെട്ടിച്ചമയ്ക്കുന്നതിനാണ് ഇവര്‍ ശ്രമിച്ചിട്ടുള്ളത്. ഇതിനിതിരെ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും അപകടത്തില്‍ പരിക്കേറ്റ എബിന്‍ ധര്‍മരാജന്‍, ഒപ്പമുണ്ടായിരുന്ന നവീന്‍ ജോര്‍ജി സോയി, എബിന്റെ മാതാവ് ലത ധര്‍മരാജന്‍, ബന്ധുക്കളായ ജിന്റു ജെയിംസ്, എം.എ മണി എന്നിവര്‍ പറഞ്ഞു.
What's Your Reaction?