ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാമെന്നുപറഞ്ഞ് മലയോര ജനതയെ വഞ്ചിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന് ഭൂവിഷയത്തില്‍ ജില്ലയിലെ ജനങ്ങള്‍ക്കുനല്‍കിയ ഒരുവാക്കും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം റവന്യൂ മന്ത്രി കട്ടപ്പനയിലെത്തി ഷോപ്പ് സൈറ്റുകള്‍ക്ക് ഉടന്‍ പട്ടയം നല്‍കാമെന്ന് പറഞ്ഞ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. ജനങ്ങളെ പറഞ്ഞ് വഞ്ചിക്കുന്ന ഒരു സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 4ന് റവന്യു വകുപ്പ് ഇറക്കിയ പട്ടയ ഉത്തരവില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കും ഏലം കൃഷിക്കും ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് പട്ടയം നല്‍കാമെന്നാണ് പറഞ്ഞിരിക്കുന്നത്. മുമ്പ് മന്ത്രിസഭാ യോഗം ചേര്‍ന്ന് ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. ഇതില്‍ പ്രതിഷേധിച്ച് പട്ടയ ഉത്തരവിന്റെ കോപ്പി കത്തിച്ചു. യോഗത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ഗാന്ധി സ്‌ക്വയറില്‍ നടത്തിയ യോഗത്തില്‍ കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ തോമസ് മൈക്കിള്‍, അഡ്വ. കെ ജെ ബെന്നി, ജോസ് മുത്തനാട്ട്, മനോജ് മുരളി, സിബി പാറപ്പായി, ഷാജി വെള്ളാമാക്കല്‍, പ്രശാന്ത് രാജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?