പാല്‍ക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം തുറക്കാന്‍ നടപടി
പാല്‍ക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം തുറക്കാന്‍ നടപടി
ഇടുക്കി: പാല്‍ക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ വനംവകുപ്പ് നടപടിതുടങ്ങി. ആദ്യഘട്ടത്തില്‍ വനഭൂമിയും കൃഷിഭൂമി തിരിക്കുന്നതിനായി സര്‍വേ നടത്തും. ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കലക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്തെ ടൂറിസം സാധ്യതകളെക്കുറിച്ചുള്ള പഠനവും ആരംഭിച്ചു. വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുംമുമ്പ് സുരക്ഷാക്രമീകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. സുരക്ഷാവേലികള്‍, ശുചിമുറി സൗകര്യം തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. വനഭൂമിയും സ്വകാര്യഭൂമിയും അളന്നുതിരിക്കേണ്ടതും അനിവാര്യമാണെന്ന് അധികൃതര്‍ പറയുന്നു.
ഇതിനിടെ ചിലര്‍ പ്രദേശത്ത് അതിക്രമിച്ചുകയറാന്‍ നീക്കം നടത്തുന്നതായി ആക്ഷേപമുണ്ട്. ഇത് വിനോദസഞ്ചാര കേന്ദ്രം തുറക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് എന്‍സിപി സംസ്ഥാന കമ്മിറ്റിയംഗം സിനോജ് വള്ളാടി പറഞ്ഞു.
കേന്ദ്രം തുറക്കുന്നത് സംബന്ധിച്ച് ആഴ്ചകള്‍ക്ക് മുമ്പ് കുമളിയിലെത്തിയ മന്ത്രി എ കെ ശശീന്ദ്രനെ വിവരം ധരിപ്പിച്ചിരുന്നു. തുടര്‍ന്ന്, മന്ത്രിയുടെ ഓഫീസില്‍നിന്ന് വനംവകുപ്പിന് നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിന്റെ ഹരിത പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന പാല്‍ക്കുളംമേട് പുല്‍മേടുകളും തടാകങ്ങളും വനങ്ങളും ചേര്‍ന്ന പ്രകൃതി വൈവിധ്യത്തിന്റെ അപൂര്‍വ സമന്വയമാണ്. നേരത്തെ ഓഫ്റോഡ് യാത്രികരും ട്രെക്കിങ് നടത്തുന്നവരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു. കേന്ദ്രം തുറന്നാല്‍ പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങളും പ്രാദേശികമായുള്ള വികസനവും സാധ്യമാകുമെന്നാണ് കരുതുന്നത്. പ്രകൃതിയെ സംരക്ഷിച്ച് നിയന്ത്രിതവും സുരക്ഷിതവുമായി വിനോദസഞ്ചാര വികസനം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?