ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായിട്ടും ബൈസണ്‍വലി വില്ലേജില്‍ കരമടയ്ക്കാനാകാതെ ഭൂവുടമകള്‍: അടിയന്തര ഇടപെടല്‍ വേണമെന്ന് കര്‍ഷക കോണ്‍ഗ്രസ്
ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായിട്ടും ബൈസണ്‍വലി വില്ലേജില്‍ കരമടയ്ക്കാനാകാതെ ഭൂവുടമകള്‍: അടിയന്തര ഇടപെടല്‍ വേണമെന്ന് കര്‍ഷക കോണ്‍ഗ്രസ്
ഇടുക്കി: ബൈസണ്‍വലി വില്ലേജിലെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായിട്ടും കരമടയ്ക്കാനാകാതെ ആളുകള്‍ ബുദ്ധിമുട്ടുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ ഭൂമി ഇടപാടുകള്‍ പൂര്‍ണമായും നിലച്ചു. വായ്പയെടുക്കല്‍ മുതല്‍ വില്‍പ്പന വരെ സ്തംഭിച്ചതോടെ കര്‍ഷകരും സാധാരണക്കാരും ബുദ്ധിമുട്ടിലാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചു. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ മുടങ്ങിക്കിടക്കുകയാണ്. കരം അടയ്ക്കുന്നതിനും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും ലഭിക്കുന്നില്ല. സര്‍വേയുടെ അടിസ്ഥാനത്തില്‍ കരം തിരുത്തല്‍ പൂര്‍ത്തിയാകാതെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകാത്ത സ്ഥിതിയാണ്.
ഇതോടെ ഭൂമിയുടെ ക്രയവിക്രയവും ബാങ്കിടപാടുകളും നിലച്ചു. ആവശ്യമായ രേഖകള്‍ ലഭിക്കാത്തതിനാല്‍ നിരവധിപേര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താനാകുന്നില്ല. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായിട്ടും ഭൂവിവരങ്ങള്‍ പുതുക്കി സാധാരണ സേവനങ്ങള്‍ പുനഃസ്ഥാപിക്കാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചു. കരമടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ നിയമപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വിഷയത്തില്‍ റവന്യു വകുപ്പ് അടിയന്തര ഇടപെടല്‍ നടത്തണമെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മണ്ഡലം പ്രസിഡന്റ് ബിനോയി ചെറുപുഷ്പ്പം, ബ്ലോക്ക് സെക്രട്ടറി സന്തോഷ് ഭാസ്‌കരന്‍, മണ്ഡലം വൈസ് പ്രസിഡന്റ് കെ എം മുരളീധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?