രാജകുമാരി ശങ്കരപാണ്ഡ്യമെട്ടില്‍ അനധികൃത റോഡ് നിര്‍മാണം: പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള വിജിലന്‍സില്‍ പരാതി നല്‍കി
രാജകുമാരി ശങ്കരപാണ്ഡ്യമെട്ടില്‍ അനധികൃത റോഡ് നിര്‍മാണം: പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള വിജിലന്‍സില്‍ പരാതി നല്‍കി
ഇടുക്കി: രാജകുമാരി ശങ്കരപാണ്ഡ്യമെട്ടിലെ അനധികൃത റോഡ് നിര്‍മാണത്തില്‍ റവന്യു ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നാരോപിച്ച് ഗ്രീന്‍ കെയര്‍ കേരള വിജിലന്‍സില്‍ പരാതി നല്‍കി. റോഡ് നിര്‍മാണത്തിനെതിരെ റവന്യു വകുപ്പ് സ്റ്റോപ്പ് ഉത്തരവ് നല്‍കിയതിനുശേഷവും നിര്‍മാണം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെയടക്കം പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നത്. റോഡ് നിര്‍മാണം ആരംഭിച്ചപ്പോള്‍തന്നെ പരാതി ഉയര്‍ന്നെങ്കിലും ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ റവന്യു ഉദ്യോഗസ്ഥര്‍ തയാറിയിരുന്നില്ല. ഇതിനുപിന്നാലെ മാധ്യമ വാര്‍ത്തകള്‍ വന്നതോടെ രാജകുമാരി വില്ലേജ് ഓഫീസര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കി. പ്രദേശത്തെ സ്ഥലമുടമകളായ 4 പേരുടെ പേരിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെങ്കിലും ഇവ നാലും കൈപ്പറ്റിയത് അനധികൃത നിര്‍മാണം നടത്തിയ അടിമാലി സ്വദേശിയായ സിബി ജോസഫാണ്. സ്ഥലമുടമകളില്‍നിന്ന് അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് പോലും വ്യക്തമല്ല. ഇതിനുശേഷം സര്‍വേ നടത്തി നിര്‍മാണം റവന്യു ഭൂമിയിലൂടെയാണോയെന്ന് വ്യക്തത വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനുപിന്നില്‍ ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന് ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറിയും ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതിയംഗവുമായ കെ ബുള്‍ബേന്ദ്രന്‍ ആരോപിച്ചു. വിഷയത്തില്‍ അടിയയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍, മധ്യമേഖല വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍, ദേവികുളം സബ് കലക്ടര്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കി.
What's Your Reaction?