പുതുയുഗയാത്രയ്ക്ക് 23ന് ചെറുതോണിയില്‍ സ്വീകരണം
പുതുയുഗയാത്രയ്ക്ക് 23ന് ചെറുതോണിയില്‍ സ്വീകരണം
ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് 23ന് വൈകിട്ട് 4ന് ചെറുതോണിയില്‍ സ്വീകരണം നല്‍കി. ജില്ലയിലെ ഭൂ പ്രശ്‌നങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കടുത്ത വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. 1964-ലെ ചട്ട പ്രകാരമുള്ള പട്ടയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് ജില്ലയില്‍ മാത്രം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് അനീതിയാണ്. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ശ്മശാന നിര്‍മാണത്തിനുപോലും അനുമതി നല്‍കാത്ത ജനദ്രോഹ സര്‍ക്കാരാണ് അധികാരത്തില്‍ ഇരിക്കുന്നതെന്നും കഴിഞ്ഞ ആറ് പതിറ്റാണ്ടായി നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവല്‍ക്കരിക്കണമെന്ന് പറയുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു. നിയോജകമണ്ഡലം എംഎല്‍എയായ മന്ത്രി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പണി പൂര്‍ത്തിയാവാത്തതും ഫണ്ട് ലഭ്യമാകാത്തതുമായ പദ്ധതികളുടെ ഉദ്ഘാടന തിരക്കിലാണെന്നും മന്ത്രി നടത്തുന്ന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും ബഹിഷ്‌കരിക്കും എന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊള്ള മാത്രം കൈമുതലാക്കിയിട്ടുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കി പുതുയുഗം സാക്ഷാല്‍ക്കരിക്കുന്നതിന് ഈ യാത്ര കേരളത്തെ പരുവപ്പെടുത്തുമെന്നും ചെറുതോണിയില്‍ എത്തുന്ന പ്രതിപക്ഷ നേതാവിനെ 5000ത്തിലധികം ആളുകളെ അണിനിരത്തി സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എം കെ പുരുഷോത്തമന്‍, കണ്‍വീനര്‍ ജോയ് കൊച്ചുകരോട്ട്, കെപിസിസി അംഗം എ പി ഉസ്മാന്‍, അനീഷ് ജോര്‍ജ്, സാം ജോര്‍ജ്, അനില്‍ ആനക്കനാട്ട്, എം ഡി അര്‍ജുനന്‍, പി കെ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?