മലയോര ഹൈവേയുടെ പ്രഖ്യാപനം വിളിച്ചോതി മിലിന്ദ് സോമന്റെ ഹില്‍ ഹൈവേ റണ്‍
മലയോര ഹൈവേയുടെ പ്രഖ്യാപനം വിളിച്ചോതി മിലിന്ദ് സോമന്റെ ഹില്‍ ഹൈവേ റണ്‍
ഇടുക്കി: ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തില്‍ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെ സംഘടിപ്പിച്ച ഹില്‍ ഹൈവേ റണ്‍ നടത്തി.
കിഫ്ബിയുടെ നേതൃത്വത്തില്‍ മലയോര ഹൈവേയുടെ പ്രചാരണാര്‍ഥം നടന്ന റണ്‍ കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് ഓടിയത്. രാവിലെ 7ന് ആരംഭിച്ച റണ്ണില്‍ മന്ത്രി റോഷിയും പങ്കാളിയായി. ചപ്പാത്തുവരെ ഓടിയ ശേഷം തുറന്ന ജീപ്പില്‍ ഇടുക്കിക്കവലവരെ മിലിന്ദ് സഞ്ചരിച്ചു. ചപ്പാത്തില്‍നിന്ന് തുറന്ന വാഹനം ഓടിച്ചത് മന്ത്രി റോഷിയായിരുന്നു. കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നടന്ന പരിപാടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍, കായിക താരങ്ങള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, വനിതാ ബൈക്ക് റൈഡര്‍മാര്‍, സൈക്ലിങ്, സ്‌കേറ്റിങ് സംഘാംഗങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കുട്ടിക്കാനം മുതല്‍ പുളിയന്‍മല വരെ 40. 050 കിലോമീറ്ററിലാണ് മലയോര ഹൈവേയ്ക്ക് കിഫ്ബിയില്‍നിന്ന് 2017ല്‍ 235 കോടിയുടെ ഭരണാനുമതി ലഭിച്ചതിന് പിന്നാലെയാണ് നിര്‍മാണം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കുട്ടിക്കാനം മുതല്‍ ചാപ്പത്ത് വരെയുള്ള ഭാഗവും തുടര്‍ന്ന് തൊട്ടടുത്ത 3 ഘട്ടങ്ങളിലായി ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള ഭാഗവും പൂര്‍ത്തീകരിച്ചു. കട്ടപ്പന അമ്പലക്കവല മുതല്‍ പുളിയന്‍മല വരെയുള്ളതാണ് നാലാം ഘട്ടം. ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ ബിഎംബിസി നിലവാരത്തില്‍ 9 മീറ്റര്‍ വീതിയില്‍ ടാറിങും ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ ഐറിഷ് ഓടയുമായിട്ടാണ് നിര്‍മാാണം. റോഡുകളില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ടൈല്‍ വിരിക്കല്‍, ഡ്രൈനേജ് സംവിധാനം, കലുങ്ക് നിര്‍മാാണം, സംരക്ഷണഭിത്തി നിര്‍മാണം, റോഡ് മാര്‍ക്കിങ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍, ബസ് ഷെല്‍ട്ടര്‍ നിര്‍മാണം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് റണ്‍ സംഘടിപ്പിച്ചത്.
What's Your Reaction?