വണ്ടിപ്പെരിയാറിലെ പെണ്‍കുഞ്ഞിനും വേണം നീതി
വണ്ടിപ്പെരിയാറിലെ പെണ്‍കുഞ്ഞിനും വേണം നീതി

ആലുവയില്‍ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചുകൊന്ന നരാധമന്റെ വധശിക്ഷാവിധിയില്‍ കേരളമാകെ സന്തോഷിക്കുമ്പോള്‍ വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിക്ക് നീതി ഇപ്പോഴും അകലെ. ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശിക്ഷാവിധി വൈകുകയാണ്. ഇരുവിഭാഗത്തിന്റെ വാദം പൂര്‍ത്തിയായതിനാല്‍ ശിക്ഷാവിധി വേഗം നടപ്പാക്കണമെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആവശ്യം. കട്ടപ്പന അതിവേഗ പോക്സോ കോടതി ജഡ്ജി വി മഞ്ജുവാണ് കേസ് പരിഗണിക്കുന്നത്.
2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. സമീപവാസിയായ അര്‍ജുനാണ് പ്രതി. 2021 സെപ്റ്റംബര്‍ 21ന് കുറ്റപത്രം സമര്‍പ്പിച്ചു. 2022 മെയില്‍ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ പോക്സോ കോടതിയില്‍ തുടങ്ങി. കേസില്‍ 48 സാക്ഷികളെ വിസ്തരിച്ചു. 69ല്‍പ്പരം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. തിങ്കഴാഴ്ച കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റര്‍ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും മറ്റ് തെളിവുകള്‍ ഉണ്ടെങ്കില്‍ 22ന് ഹാജരാക്കാനും നിര്‍ദ്ദേശിച്ചു.
അനാവശ്യ പരാതികള്‍ നല്‍കി വിചാരണ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ടുപേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല.
വിചാരണക്കിടെ പുതിയ ജഡ്ജി ചര്‍ജെടുക്കുകയും ചെയ്തു. കേസ് നീണ്ടുപോയതില്‍ വിഷമമുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ പെണ്‍കുഞ്ഞിന് നീതി ലഭിക്കുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍ പിള്ള പറഞ്ഞു. ഈമാസം അവസാനത്തോടെ വിധി പറയാനുള്ള നടപടികളാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ പുരോഗമിക്കുന്നത്.
What's Your Reaction?






