നെടുങ്കണ്ടം-കുത്തുങ്കല്‍ 110 കെ വി വൈദ്യുതി ലൈന്‍ വലിക്കലില്‍ വ്യാപക പ്രതിഷേധം: ബഥേലില്‍ ജനകീയ കൂട്ടായ്മ യോഗം ചേര്‍ന്നു: നിബന്ധനകളുമായി നാട്ടുകാര്‍
നെടുങ്കണ്ടം-കുത്തുങ്കല്‍ 110 കെ വി വൈദ്യുതി ലൈന്‍ വലിക്കലില്‍ വ്യാപക പ്രതിഷേധം: ബഥേലില്‍ ജനകീയ കൂട്ടായ്മ യോഗം ചേര്‍ന്നു: നിബന്ധനകളുമായി നാട്ടുകാര്‍
ഇടുക്കി: ജനവാസ, കാര്‍ഷിക മേഖലകളിലൂടെയുള്ള നെടുങ്കണ്ടം- കുത്തുങ്കല്‍ 110 കെ വി വൈദ്യുതി ലൈന്‍ വലിക്കലില്‍ പ്രതിഷേധം ശക്തം. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ബഥേലില്‍ ജനകീയ കൂട്ടായ്മ വിളിച്ചുചേര്‍ത്ത് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചു. 2009ലാണ് പദ്ധതി വിഭാവനംചെയ്തത്. 2012ല്‍ കെഎസ്ഇബി കര്‍ഷകരെ സമീപിച്ചെങ്കിലും കാര്‍ഷിക മേഖലയിലൂടെയുള്ള ലൈന്‍ വലിക്കല്‍ പ്രതിഷേധം ഉയര്‍ന്നതോടെ അധികൃതര്‍ പിന്‍വാങ്ങി. പിന്നീട് ഉദ്യോഗസ്ഥര്‍ രഹസ്യമായി സര്‍വേ പൂര്‍ത്തീകരിച്ചു. ഉടമസ്ഥര്‍ അറിയാതെ കൃഷിയിടങ്ങളില്‍ അടയാളക്കല്ലുകളും സ്ഥാപിച്ചു. അതേസമയം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലയെപ്പറ്റിയോ കാര്‍ഷികവിളകളുടെ നഷ്ടപരിഹാരത്തെക്കുറിച്ചോ കര്‍ഷകരെ അറിയിച്ചിരുന്നില്ല. പിന്നീട് ആക്ഷന്‍ കൗണ്‍സില്‍ മന്ത്രി, ബോര്‍ഡ് അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും നടപടിയുണ്ടായില്ല. നഷ്ടപരിഹാരം കണക്കാക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ ഉറപ്പുനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ബഥേലില്‍ ജനകീയ കൂട്ടായ്മ വിളിച്ചുചേര്‍ത്തത്.
കാര്‍ഷിക വിളകളുടെ ഇനം തിരിച്ച് 30 മുതല്‍ 50 വര്‍ഷത്തെ ആദായനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കണം. ടവര്‍ നിര്‍മാണത്തിന്റെ ഭാഗമായി റോഡ് നിര്‍മിക്കുമ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിക്കും നഷ്ടപരിഹാരം നല്‍കണം. ഓരോ കര്‍ഷകനും നല്‍കുന്ന നഷ്ടപരിഹാരത്തുക രേഖപ്പെടുത്തി കര്‍ഷകരെ ബോധ്യപ്പെടുത്തിയശേഷം സമ്മതപത്രം നല്‍കണം. പട്ടയം ഇല്ലാത്തവര്‍ക്കും പട്ടയമുഉള്ളവര്‍ക്ക് നല്‍കുന്ന അതേ നഷ്ടപരിഹാരം നല്‍കണം. വീടും മറ്റ് നിര്‍മിതികളും നഷ്ടപ്പെടുന്നവര്‍ക്ക് പുതിയത് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലവും തുകയും നല്‍കണമെന്നുമാണ് ജനകീയ കൂട്ടായ്മയുടെ ആവശ്യം.
യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. ജോസഫ് നടുപ്പടവില്‍ അധ്യക്ഷനായി. കണ്‍വീനര്‍ ജോണ്‍സണ്‍ കിഴക്കേക്കര, സജി പേഴത്തുവയലില്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, മാത്തുക്കുട്ടി ഇടയിടം, രാജേഷ് അമ്പഴം, തോമസ് കോട്ടുതുണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?