മറയൂര്‍ പാമ്പാറിലെ കയത്തില്‍ രണ്ട് കൗമാരക്കാര്‍ മുങ്ങിമരിച്ചു
മറയൂര്‍ പാമ്പാറിലെ കയത്തില്‍ രണ്ട് കൗമാരക്കാര്‍ മുങ്ങിമരിച്ചു
ഇടുക്കി: മറയൂര്‍ പാമ്പാറിലെ കയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കൗമാരക്കാര്‍ മുങ്ങിമരിച്ചു. കീഴാന്തൂര്‍ സ്വദേശി കന്നിയപ്പന്റെ മകന്‍ ബാലമുരുകന്‍(14), ഗുഹനാഥപുരം സ്വദേശി സുന്ദരരാജിന്റെ മകന്‍ സഞ്ജിത്ത്(14) എന്നിവരാണ് മരിച്ചത്. വെള്ളി വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഇരുവരുടെയും സുഹൃത്തായ ഗുഹനാഥപുരം സ്വദേശി മനുവും ഒപ്പമുണ്ടായിരുന്നു. കോവില്‍ക്കടവ് തെങ്കാശിനാഥന്‍ ക്ഷേത്രത്തിനുസമീപമുള്ള ആഴമേറിയ കയത്തില്‍ മൂവരും കുളിക്കാനിറങ്ങിയപ്പോള്‍ ബാലമുരുകനും സഞ്ജിത്തും മുങ്ങിപ്പോകുകയായിരുന്നു. മനു ഉടന്‍ പ്രദേശവാസികളെ വിവരമറിയിച്ചു. ഇവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചപ്പോഴേക്കും മൂന്നാര്‍ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഇന്ദിരാനഗറില്‍ കാട്ടുതീയണയ്ക്കാനെത്തിയതായിരുന്നു ഇവര്‍. പാറകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഇരുവരെയും പുറത്തെടുത്തെങ്കിലും മരിച്ചു.
മൃതദേഹങ്ങള്‍ മറയൂര്‍ താലൂക്ക് ആശുപത്രില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റിനുശേഷം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഞ്ജിത്ത് ഒരുവര്‍ഷം മുമ്പ് എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചിരുന്നു. ബാലമുരുകന്‍ കാന്തല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. എസ്എസ്എല്‍സി പരീക്ഷയെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അവധിയായതിനാല്‍ മൂവരും കുളിക്കാനെത്തിയതായിരുന്നു.
What's Your Reaction?