പാചകവാതക ക്ഷാമം: ജില്ലാ ആസ്ഥാനത്ത് നിരവധി ഹോട്ടലുകള്‍ക്ക് പൂട്ടുവീണു
പാചകവാതക ക്ഷാമം: ജില്ലാ ആസ്ഥാനത്ത് നിരവധി ഹോട്ടലുകള്‍ക്ക് പൂട്ടുവീണു
ഇടുക്കി: ജില്ലാ ആസ്ഥാന മേഖലയില്‍ വാണിജ്യ പാചകവാതക സിലിണ്ടറുടെ ക്ഷാമം രൂക്ഷമായി. ചെറുതോണി, പൈനാവ്, തടിയമ്പാട്, കരിമ്പന്‍ മേഖലകളില്‍ നിരവധി ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളും ഭാഗികമായും പൂര്‍ണമായും അടച്ചു. നിലവിലെ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. അതേസമയം ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തില്‍ തടസമില്ലെന്ന് ഗ്യാസ് ഏജന്‍സി അധികൃതര്‍ അറിയിച്ചു.
നിലവിലുണ്ടായിരുന്ന സ്റ്റോക്ക് തീര്‍ന്നതോടെ പല സ്ഥാപനങ്ങളും പൂട്ടേണ്ട സ്ഥിതിയായി. ഹോട്ടല്‍, കാറ്ററിങ് മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം. സിലിണ്ടറുകള്‍ ലഭിക്കാത്തതോടെ ചെറുകിട കച്ചവടക്കാരും വഴിയോര ഭക്ഷണശാല നടത്തിപ്പുകാരും ബുദ്ധിമുട്ടുന്നു. കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടേണ്ട സ്ഥിതിയുണ്ടായാല്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ ഭക്ഷണം ലഭിക്കാത്ത സ്ഥിതിയുണ്ടാകും.
സിലിണ്ടര്‍ ബുക്കിങ്ങിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. കൂടുതല്‍പേര്‍ ബുക്കിങ്ങിന് ശ്രമിക്കുന്നത് സെര്‍വറുകളുടെ ശേഷിയെ ബാധിച്ചിരിക്കുകയാണ്. വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളും പലപ്പോഴും പ്രവര്‍ത്തനരഹിതമാകുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയില്‍ മാറ്റമില്ലെങ്കില്‍ ഹോട്ടല്‍ മേഖല സ്തംഭിക്കുമെന്നാണ് വിലയിരുത്തല്‍.
What's Your Reaction?