നിര്‍മാണ നിരോധനം നീക്കിയുള്ള സര്‍ക്കാര്‍ തീരുമാനം ചരിത്രപരമെന്ന് എല്‍ഡിഎഫ്
നിര്‍മാണ നിരോധനം നീക്കിയുള്ള സര്‍ക്കാര്‍ തീരുമാനം ചരിത്രപരമെന്ന് എല്‍ഡിഎഫ്
ഇടുക്കി: നിര്‍മാണ നിരോധനം നീക്കിയുള്ള മന്ത്രിസഭാ തീരുമാനം ജില്ലയുടെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക വഴിത്തിരിവാണെന്ന് എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ പറഞ്ഞു. പട്ടയഭൂമിയില്‍ ഏതുവിധത്തിലുള്ള നിര്‍മാണങ്ങളും സുഗമമായി തുടരാം. ഹൈക്കോടതി വിധിയെ തുടര്‍ന്ന് പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ഉണ്ടായിരുന്ന തടസം നീങ്ങി. 1960ലെ ഭൂനിയമവും 1964ലെ ചട്ടവുമനുസരിച്ച് ജില്ലയില്‍ യഥേഷ്ടം നിര്‍മാണങ്ങള്‍ നടന്നിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തടസപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയില്‍നിന്ന് ചോദിച്ചുവാങ്ങിയതാണ് നിര്‍മാണ നിരോധനം. പള്ളിവാസലിലെ കെട്ടിട നിര്‍മാണത്തിനെതിരെ വിജിലന്‍സില്‍ പരാതിയും ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയതോടെയാണ് ജില്ലയിലെ വാണിജ്യ നിര്‍മാണങ്ങള്‍ ഒന്നാകെ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുണ്ടായത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ 1960ലെ ഭൂനിയമം ഭേദഗതി ചെയ്ത് ചട്ടം രൂപീകരിക്കുകയും നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ഇപ്പോള്‍ തുടര്‍ നിര്‍മാണങ്ങളെന്ന ആവശ്യം മന്ത്രിസഭാ തീരുമാനത്തിലൂടെ സാധ്യമായി.
വീടുകള്‍, കാര്‍ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മിക്കുന്ന കെടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍ എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കി. കൂടാതെ 5000 ചതുരശ്ര അടിക്കുതാഴെ വിസ്തീര്‍ണമുള്ള കൊമേഴ്സ്യല്‍/ ഇന്‍ഡസ്ട്രിയല്‍ കെട്ടിടങ്ങള്‍ക്കും ഫീസ് ഉണ്ടാകില്ല. 5000- 10,000 ചതുരശ്ര അടിയിലുള്ള കെടിടങ്ങള്‍ക്ക് വസ്തുവിന്റെ ന്യായവിലയുടെ ഒരുശതമാനം അടച്ചാല്‍ മതിയാകും. നിയമപരമായ പരിശോധനകള്‍ക്കും വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്കും ശേഷമാണ് പഴുതടച്ച് സര്‍ക്കാര്‍ ചട്ടം തയാറാക്കിയത്. വന്യജീവി ആക്രമണത്തില്‍ മരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അധിക ധനസഹായം അനുവദിക്കുന്നതിനും തീരുമാനമായി.
ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍, ബഫര്‍സോണ്‍ മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ച കരിനിയമങ്ങളില്‍നിന്നും ചതിക്കുഴികളില്‍നിന്നും മലയോര ജനതയെ മോചിപ്പിക്കുന്ന സുപ്രധാനമായ തീരുമാനമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എല്‍ഡിഎഫ് നേതാക്കളായ വി ആര്‍ ശശി, അഡ്വ. മനോജ് എം തോമസ്, വി ആര്‍ സജി, അനില്‍ കൂവപ്ലാക്കല്‍, മാത്യു ജോര്‍ജ്, സി എസ് അജേഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?