വാഗ്ദാനങ്ങള്‍ ജലരേഖ: വോട്ട് ബഹിഷ്‌കരിക്കാന്‍ വാഴത്തോപ്പ് ഗാന്ധിനഗര്‍ കോളനിവാസികള്‍
വാഗ്ദാനങ്ങള്‍ ജലരേഖ: വോട്ട് ബഹിഷ്‌കരിക്കാന്‍ വാഴത്തോപ്പ് ഗാന്ധിനഗര്‍ കോളനിവാസികള്‍
ഇടുക്കി: തിരഞ്ഞെടുപ്പ് ആവേശം നാടാകെ പടരുമ്പോഴും അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി വാഴത്തോപ്പ് പഞ്ചായത്തിലെ ഗാന്ധിനഗര്‍ കോളനിവാസികള്‍. 11-ാം വാര്‍ഡിലുള്‍പ്പെടുന്ന കോളനിയിലെ പത്തിലേറെ കുടുംബങ്ങളാണ് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടതില്‍ മടുത്ത് പോളിങ് ബൂത്തിലേക്ക് ഇല്ലെന്ന ഉറച്ച തീരുമാനമെടുത്തത്. വര്‍ഷങ്ങളായി ജനപ്രതിനിധികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതാണ് നാട്ടുകാരെ ഈ കടുത്ത നിലപാടിലേക്ക് നയിച്ചത്. 2018ലെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് ടണ്‍ കണക്കിന് മണ്ണും എക്കലും അടിഞ്ഞുകൂടിയാണ് ഇവിടുത്തെ ജനജീവിതം ദുസ്സഹമായത്. അന്ന് സന്നദ്ധ സംഘടനകളെത്തിയാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു ആനുകൂല്യവും ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. പ്രളയത്തില്‍ തകര്‍ന്ന ഏക യാത്രാമാര്‍ഗം ഇന്നും പുനര്‍നിര്‍മിച്ചിട്ടില്ല. രോഗികളെയും വയോധികരെയും ആശുപത്രിയിലെത്തിക്കാന്‍ കസേരയില്‍ ഇരുത്തി ചുമന്നുകൊണ്ട് പോകേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. കൈവരികളില്ലാത്ത ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര അപകടകരമാണ്. കഴിഞ്ഞ ദിവസംപോലും ഒരു വയോധികയെ ഇത്തരത്തില്‍ ചുമന്നാണ് പ്രധാന റോഡിലെത്തിച്ചത്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് പകരം പുതിയവ അനുവദിക്കുന്നതില്‍ വ്യാപക അഴിമതി നടന്നതായും കോളനിവാസികള്‍ ആരോപിക്കുന്നു. അര്‍ഹരായ പലരെയും ലിസ്റ്റില്‍നിന്നും ഒഴിവാക്കി സ്വാധീനമുള്ള അനര്‍ഹര്‍ക്ക് വീട് നല്‍കിയെന്നാണ് പരാതി. ഓരോ തിരഞ്ഞെടുപ്പ് കാലത്തും വോട്ട് ചോദിച്ചെത്തുന്ന രാഷ്ട്രീയക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ തയ്യാറാകുന്നില്ല. സുരക്ഷിതമായ വീടും നടന്നുപോകാന്‍ വഴിയും ഒരുക്കാതെ ഇത്തവണ വോട്ട് ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഈ കുടുംബങ്ങള്‍.
What's Your Reaction?