പട്ടയ വിതരണം: വനം-റവന്യു സംയുക്ത പരിശോധനയില്‍ അട്ടിമറി; മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി പറയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
പട്ടയ വിതരണം: വനം-റവന്യു സംയുക്ത പരിശോധനയില്‍ അട്ടിമറി; മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി പറയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
ഇടുക്കി: ജില്ലയില്‍ ആയിരക്കണക്കിന് പട്ടയങ്ങള്‍ നല്‍കാനുള്ള പ്രദേശങ്ങളെ ഒഴിവാക്കി വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് മലയോര ജനതയെ വഞ്ചിക്കുന്നതാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. ഭൂമി വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താതെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വെപ്രാളം കാണിച്ച് പട്ടയ പ്രശ്‌നങ്ങളില്‍ കൂടുതല്‍ നിയമക്കുരുക്ക് ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ ജനുവരി 25നാണ് അടിയന്തരമായി സംയുക്ത പരിശോധന നടത്തേണ്ട വില്ലേജുകളില്‍ ഭൂമി പതിവ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവില്‍ സംയുക്ത പരിശോധനയുടെ ആവശ്യമില്ലാത്ത സിഎച്ച്ആര്‍ മേഖലയിലെ വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം നല്‍കാനുള്ള വില്ലേജുകളെ പൂര്‍ണമായും ഒഴിവാക്കിയാണ് കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. കഞ്ഞിക്കുഴി, ഇടുക്കി, അറക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം വില്ലേജുകളെയാണ് ഇത്തരത്തില്‍ സംയുക്ത പരിശോധനയില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്. സ്വന്തം നിയോജക മണ്ഡലത്തിലെ വില്ലേജുകളെങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാത്ത മന്ത്രിയുടെ ഭൂവിഷയങ്ങളിലെ അജ്ഞതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. 2006ല്‍ വിജ്ഞാപനം ചെയ്ത വാഗമണ്‍ റിസര്‍വിന്റെ പേരില്‍ കൈവശഭൂമിക്ക് പട്ടയം നിഷേധിക്കാന്‍ വനംവകുപ്പ് ഗൂഢനീക്കം നടത്തുന്നതിനിടയില്‍ ജില്ലാ കലക്ടര്‍ ഇറക്കിയ ഈ ഉത്തരവ് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ വനംവകുപ്പ് നടത്തുന്ന നീക്കങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം അധികാരത്തിലിരുന്നിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാത്ത മന്ത്രി ഇപ്പോള്‍ പരാജയഭീതിയിലാണ് പുതിയ ഉത്തരവുകളുമായി വരുന്നതെന്നും ബിജോ മാണി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിജു ചക്കുംമൂട്ടിലും പങ്കെടുത്തു.
What's Your Reaction?