ഉല്‍പാദനം കുറഞ്ഞിട്ടും ഏലക്കാവിലയില്‍ വര്‍ധനയില്ല
ഉല്‍പാദനം കുറഞ്ഞിട്ടും ഏലക്കാവിലയില്‍ വര്‍ധനയില്ല
ഇടുക്കി: ഉല്‍പാദനം കുറഞ്ഞിട്ടും ഏലക്കാവില ഉയരാത്തതില്‍ കര്‍ഷകര്‍ക്ക് ആശങ്ക. നിലവില്‍ 2100- 2200 രൂപയാണ് വില. കഴിഞ്ഞവര്‍ഷം ഇതേസമയം 2600 മുതല്‍ 2750 വരെ വില ലഭിച്ചിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ ഇത്തവണ ഉല്‍പാദനം കുറവാണെങ്കിലും വില ഉയരാത്തതാണ് കര്‍ഷകരെ വലയ്ക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഓഫ് സീസണുകളില്‍ വന്‍തോതില്‍ വില വര്‍ധിച്ചിരുന്നു. 2025 ജനുവരിയില്‍ വില 3000 കടന്നിരുന്നു. ഗ്വാട്ടിമാലയില്‍നിന്നുള്ള കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യന്‍ ഉല്‍പ്പന്നത്തിന് വില വര്‍ധിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കച്ചവടക്കാര്‍ ഏലക്ക വാങ്ങാന്‍ തയാറാകുന്നില്ല.
ലേല കേന്ദ്രങ്ങളില്‍ പതിയുന്ന ഏലക്കയുടെ അളവിലും കുറവുണ്ട്. വില വര്‍ധിക്കാത്തതിനുകാരണം വാങ്ങാന്‍ ആളില്ലാത്തതാണെന്ന് കര്‍ഷകര്‍ പറയുന്നു. കേന്ദ്രങ്ങളില്‍ എത്തുന്ന കച്ചവടക്കാരുടെ എണ്ണം നാമമാത്രമായി. വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ കൃഷിനാശമുണ്ടാകാതിരിക്കാന്‍ ജലസേചനവും വളപ്രയോഗവുമായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. ഉല്‍പാദനച്ചെലവ് വര്‍ധിച്ചതും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കനത്ത നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍.
What's Your Reaction?