കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ സമര പ്രചരണ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം
കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ സമര പ്രചരണ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം

ഇടുക്കി: കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) നടത്തുന്ന സമര പ്രചരണ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. സംഘടനാ ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന്‍ ക്യാപ്റ്റനും, സംസ്ഥാന സെക്രട്ടറി ആര്‍ ഹരിദാസ് വൈസ് ക്യാപ്റ്റനും സംസ്ഥാന ട്രഷറര്‍ പി എ ജോജോ മാനേജറും ആയിട്ടുള്ള ജാഥക്ക് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലാണ് സ്വീകരണം ഒരുക്കിയത്. ഫെബ്രുവരി 4ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് സമരപ്രചരണ ജാഥ നടന്നുവരുന്നത്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുക, എന്‍ഡിആര്‍, എന്‍പിഎസ് കുടിശിക പൂര്‍ണമായി അടച്ചുതീര്‍ക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തില്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് നിഷേധിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജാഥ നടക്കുന്നത്. ജനുവരി 15ന് കാസര്‍ഗോഡ് നിന്നാരംഭിച്ച ജാഥ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തിനായി ശക്തമായ സമരങ്ങള്‍ നടത്തുമെന്ന് സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ജാഥാ ക്യാപ്റ്റനും കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ഹണി ബാലചന്ദ്രന്‍ പറഞ്ഞു. ജാഥ വൈസ് ക്യാപ്റ്റന്‍ ആര്‍ ഹരിദാസ്, മാനേജര്‍ പി എ ജോജോ, ജാഥ അംഗങ്ങളായ എസ് സുജിത്, കെ സന്തോഷ്, എസ് ആര്‍ നിരീഷ്, പി റഷീദ്, പി ശശികല, സംഘടനാ ജില്ലാ സെക്രട്ടറി എം സുരേഷ്, ജില്ലാ ട്രഷറര്‍ പി കെ ഷെഫീഖ് , യൂണിറ്റ് സെക്രട്ടറി പി എം മനോജ്, ടി രാജേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






