തടയണ നിര്‍മാണം നിലച്ചു: ചെമ്പകപ്പാറ ചപ്പാത്തുംപടി പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളമില്ല
തടയണ നിര്‍മാണം നിലച്ചു: ചെമ്പകപ്പാറ ചപ്പാത്തുംപടി പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളമില്ല
ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറ ചപ്പാത്തുംപടി കുടിവെള്ള പദ്ധതിയുടെ ഭാഗമായ ചെക്ക് ഡാം നിര്‍മാണം കരാറുകാരന്‍ സമയത്ത് പൂര്‍ത്തീകരിക്കാത്തതിനാല്‍ കുളം വറ്റിയെന്ന ആരോപണവുമായി നാട്ടുകാര്‍. ഇതോടെ ഈ പദ്ധതിയെ ആശ്രയിച്ച് ജീവിക്കുന്ന 60ലേറെ കുടുംബങ്ങള്‍ പ്രതിസന്ധയിലായി. 20 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ കുളം ചിന്നാര്‍ പുഴയെ ആശ്രയിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പുഴയിലെ ജലം കുളത്തിലേക്ക് കടത്തിവിട്ട് ശുദ്ധീകരിച്ചാണ് 60 കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. വേനല്‍ ആരംഭിച്ചാല്‍ പുഴയിലെ വെള്ളം താഴും. തുടര്‍ന്ന് പുഴയിലുള്ള പാറകളെ തമ്മില്‍ ബന്ധിപ്പിച്ച് മണല്‍ ചാക്കുകള്‍ അടുക്കി വെള്ളം തടഞ്ഞുനിര്‍ത്തി ജലത്തിന്റെ അളവ് വര്‍ധിപ്പിച്ചാണ് കുളത്തിലേക്ക് കടത്തിവിടുന്നത്. മഴക്കാലത്ത് പുഴയില്‍ വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിക്കുന്നതോടെ മണല്‍ ചാക്കുകള്‍ ഒഴുകിപ്പോകും. ഇക്കാര്യം മൂന്ന് വര്‍ഷം മുമ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും നാട്ടുകാരുടെ ആവശ്യപ്രകാരം പുഴയ്ക്ക് കുറുകെ ഒന്നര മീറ്റര്‍ ഉയരത്തില്‍ ചെക്ക് ഡാം നിര്‍മിക്കാന്‍ തീരുമാനിക്കുകയും ഇതിനായി 87 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത നാട്ടുകാരന്‍ കൂടിയായ കരാറുകാരന്‍ കഴിഞ്ഞവര്‍ഷം മുതലാണ് പണി ആരംഭിച്ചത്. എന്നാല്‍ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കാനുള്ള കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കി പുഴയിലെ ഉയര്‍ന്ന നിന്നിരുന്ന പാറകള്‍ പൊട്ടിച്ചുമാറ്റിയശഷം ഒരു അറിയിപ്പുമില്ലാതെ നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു. പാറകള്‍ പൊട്ടിച്ചുമാറ്റിയതോടെ മണല്‍ ചാക്കുകള്‍ അടുക്കി താല്‍ക്കാലിക തടയണ നിര്‍മിക്കാനുള്ള വഴിയും തടസപ്പെട്ടു. വലിയ കുന്നിന് മുകളിലാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കള്‍ എന്നതിനാല്‍ വാഹനത്തില്‍ വെള്ളം എത്തിക്കാനും വലിയ ബുദ്ധിമുട്ടാണ്. അധികൃതര്‍ ഇടപെട്ട് ചെക്ക് ഡാമിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?