എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഉജ്വല വിജയം നേടും: എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി

എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഉജ്വല വിജയം നേടും: എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി

Apr 7, 2026 - 14:05
 0
എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഉജ്വല വിജയം നേടും: എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി
This is the title of the web page

കട്ടപ്പന: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ല ഇതുവരെ കാണാത്ത ചരിത്രം വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടുമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗത്ത് ഇടതുപക്ഷം മുന്നോട്ടുവച്ച തുടര്‍ഭരണ സന്ദേശവും ജില്ലയിലുണ്ടായ വികസന മുന്നേറ്റവും ജനങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചുകഴിഞ്ഞു. വികസനമായിരുന്നു തെരഞ്ഞെടുപ്പ് രംഗത്തെ മുഖ്യവിഷയം. ആരോഗ്യം, വിദ്യാഭ്യാസ രംഗത്തും റോഡ് വികസനത്തിലും ജില്ലയിലുണ്ടായ അഭൂതപൂര്‍വമായ മുന്നേറ്റം ജനങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി. മലയോര ഹൈവേ ഉള്‍പ്പെടെ സംസ്ഥാനത്തെ ഏറ്റവും മികച്ച റോഡുകളുള്ള ജില്ലയെന്ന യാഥാര്‍ഥ്യം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ ജനങ്ങളുടെ ആശാകേന്ദ്രമായി. കൃത്യമായ വീടുകളില്‍ എത്തിച്ചുനല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍, ലൈഫ് പദ്ധതി, സ്ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു സ്‌കോളര്‍ഷിപ്പ് തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരെ ചേര്‍ത്തുപിടിച്ച അത്യപൂര്‍വമായ ഭരണമികവ് പ്രകടിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്ന് ജനം ഒന്നാകെ ആഗ്രഹിക്കുന്നു. ഒരുരൂപയുടെ അഴിമതി പോലും ഉണ്ടാകാതെ 10 വര്‍ഷക്കാലം കേരളത്തിന്റെ ഖജനാവിനെ സൂക്ഷ്മതയോടെ വിനിയോഗം ചെയ്ത് ജനനന്മയ്ക്കായുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ഇച്ഛാശക്തി പ്രകടിപ്പിച്ച സര്‍ക്കാരിന് സര്‍വാത്മനാ ജനങ്ങള്‍ ഏറ്റെടുക്കുകയാണ്. ഹൈക്കോടതി വിധിയിലൂടെ ജില്ലയില്‍ വന്നുചേര്‍ന്ന നിര്‍മാണ നിരോധനം നീക്കിയതോടെ ഭാവിയുടെ വാതില്‍ സര്‍ക്കാര്‍ തുറന്നിടുകയാണ്. ഭൂപതിവ് നിയമവും ചട്ടവും ഭേദഗതി ചെയ്ത് ക്രമവല്‍ക്കരിക്കുന്നതിലൂടെ നിര്‍മാണങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ട് നടപടി സ്വീകരിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാത്രമേ കട്ടപ്പന- കമ്പം തുരങ്കപാത യാഥാര്‍ഥ്യമാകുകയുള്ളൂവെന്നും ഇത് അതിര്‍ത്തി ജില്ല എന്ന നിലയില്‍ ഇടുക്കിയുടെ തലവര തന്നെ മാറ്റി മറിക്കുമെന്നും ശബരിമല തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വ്യാപാര മേഖലയ്ക്കും പരിധികളില്ലാത്ത പ്രയോജനം ലഭിക്കുന്നതാണെന്നും ജനങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം പ്രകടിപ്പിച്ച അനിതരസാധാരണമായ മികവും ഇടപെടലും ജനങ്ങള്‍ക്കിടയില്‍ വിലയിരുത്തപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി ജനങ്ങള്‍ക്കൊപ്പംനിന്ന് നടത്തിയ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഇളകിമറിഞ്ഞ സംഘടന ഘടകങ്ങളും വിജയത്തിന് വഴിതെളിക്കും. കെ കെ ജയചന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ സലിംകുമാര്‍, അഡ്വ. എ രാജ, സിറിയക് ചാഴികാടന്‍ ഉള്‍പ്പെടെയുള്ള പരിചയസമ്പന്നതയുടെയും അനുഭവ ജ്ഞാനത്തിന്റെയും പൊതുപ്രവര്‍ത്തന മികവിന്റെയും ജില്ലയ്ക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള ഇന്നലെകളിലെ സമരപാരമ്പര്യങ്ങളുടെയും പിന്‍ബലത്തില്‍ അവതരിപ്പിക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ജനങ്ങള്‍ ഒന്നാകെ സ്വീകരിച്ചു. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നതും 50 ശതമാനം സ്ത്രീകള്‍ക്ക് ജോലി ഉറപ്പും കേരളത്തില്‍ പഠിക്കുന്നവര്‍ക്ക് ജോലി ഉറപ്പാക്കുമെന്നുമുള്ള എല്‍ഡിഎഫ് പ്രഖ്യാപനങ്ങളും ജനങ്ങള്‍ സ്വീകരിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കണ്ണീരുവീണ മണ്ണില്‍ കോണ്‍ഗ്രസ് നടത്തിയ ഫണ്ട് പിരിവും വെട്ടിപ്പും ജനങ്ങള്‍ തിരിച്ചറിയുകയും ആദിവാസി സ്ത്രീകളെ രാഷ്ട്രീയ പകപോക്കലിനായി കോണ്‍ഗ്രസ് ഉപയോഗിക്കുന്നുവെന്ന ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ വിവാദ പ്രസംഗവും തെരഞ്ഞെടുപ്പില്‍ ജനം ചര്‍ച്ച ചെയ്തു. ഹൈക്കോടതിയില്‍ ഇടുക്കി ജില്ലക്കെതിരായി പരിസ്ഥിതി സംഘടനകള്‍ നല്‍കിയ 346 കേസുകളാണ് നിലവിലുള്ളത്. ഇത് തീര്‍പ്പാക്കുന്നതിനായി ഇടുക്കിക്കായി പ്രത്യേക ബെഞ്ച് തന്നെ രൂപീകരിക്കേണ്ടിവന്നു. അഡ്വക്കേറ്റ് ജനറലും 160 സര്‍ക്കാര്‍ അഭിഭാഷകരും ഒരുമിച്ചുനിന്ന് നിയമപോരാട്ടം നടത്തിയാണ് ഇടുക്കി ജില്ലയില്‍ 46,000ലേറെ പട്ടയങ്ങള്‍ നല്‍കാന്‍ അവസരമൊരുക്കി ഭൂപ്രശ്‌നങ്ങള്‍ ഒന്നാകെ പരിഹരിച്ചത്. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പരിസ്ഥിതി സംഘടനകള്‍ക്കൊപ്പംനിന്ന കോണ്‍ഗ്രസും യുഡിഎഫ് സ്ഥാനാര്‍ഥികളും നാടിനെതിരാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായി. ഇടുക്കിയിലെ 80 ശതമാനം സ്ഥലങ്ങളും വാസയോഗ്യമല്ലെന്നും ഒഴിഞ്ഞുപോകണമെന്ന പരോക്ഷ സൂചന നല്‍കി നിലപാടെടുത്ത വ്യക്തയാണ് ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്നതും ജനം ചര്‍ച്ച ചെയ്തു. കലാശക്കൊട്ടിലേക്ക് എത്തിയപ്പോള്‍ ജനങ്ങള്‍ ഒന്നാകെ ഇടതുസ്ഥാനാര്‍ഥികള്‍ക്കൊപ്പം അണിചേരുന്ന ആവേശകരമായ സാമൂഹിക സാഹചര്യമാണ് വന്നുചേര്‍ന്നിട്ടുള്ളത്. ജനാധിപത്യത്തിന്റെ അന്തസും മാന്യതയും ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയതെന്നും അത്യുജ്വല വിജയത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ എത്തിക്കാന്‍ മുഴുവന്‍ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, നേതാക്കളായ ജോണി ചെരിവുപറമ്പിൽ, വി ആര്‍ ശശി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow