കാന്തല്ലൂരിലെ കുങ്കുമം ചാലിച്ച സന്ധ്യകള്‍
കാന്തല്ലൂരിലെ കുങ്കുമം ചാലിച്ച സന്ധ്യകള്‍

2023-10-21 20:19:07മറയൂര്‍ : പച്ചക്കറികളും പഴവര്‍ഗങ്ങളും സമൃദ്ധമായി വിളയുന്ന കാന്തല്ലൂരിന്റെ പേരും പെരുമയും ഇനിമുതല്‍ കുങ്കുമപ്പൂവ് കൃഷിയിലൂടെ രാജ്യമെങ്ങും അറിയപ്പെടും. പെരുമലയിലെ കുങ്കുമപ്പൂക്കൃഷി വന്‍ വിജയമായതോടെ വരും നാളുകളില്‍ വില്‍പ്പനയ്ക്കായി കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. കുങ്കുമപ്പൂവിന്റെ ഈറ്റില്ലമായ കാശ്മിരില്‍ വിളയുന്നതിനേക്കാള്‍ വലുപ്പമുള്ളതാണ് പെരുമലയില്‍ വിളവെടുത്തത്. ശാന്തന്‍പാറ കൃഷി വികാസ് കേന്ദ്രത്തിന്റെ സഹായത്തോടെ കാന്തല്ലൂര്‍ സ്വദേശിയും വിഎഫ്പിസികെ ലേല വിപണി ഫീല്‍ഡ് അസിസ്റ്റന്റുമായ ബി. രാമമൂര്‍ത്തിയാണ് വില്‍പ്പനയ്ക്കായി കുങ്കുമപ്പൂ കൃഷിയിറക്കിയത്. ഇതിനായി ശ്രീനഗറിലെ പാമ്പൂരില്‍ നിന്ന് വിത്തുകള്‍ എത്തിച്ചു. ഒരേസമയം ജില്ലയിലെ പലസ്ഥലങ്ങളില്‍ വിത്ത് നട്ടെങ്കിലും ഏറ്റവുമധികം വിളവ് ലഭിച്ചത് പെരുമലയിലാണ്.
1.5 മില്ലിമീറ്റര്‍ വലുപ്പം പെരുമലയിലെ പൂവിന് കൂടുതലുണ്ട്. നിരവധി തവണ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്തശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിയിറക്കിയത്. തുറന്നസ്ഥലത്തെ 10 സെന്റിലും പോളി ഹൗസില്‍ 15 സെന്റിലുമായി 400 വിത്തുകളാണ് നട്ടത്. ഒരുമാസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമായി. വിത്തിന്റെ വലുപ്പമനുസരിച്ച് മൂന്നുമുതല്‍ അഞ്ചു പൂവ് വരെ ലഭിക്കും. ഒരേക്കറില്‍ ഒരുലക്ഷം വിത്തുവരെ നടാം. ഏകദേശം 2.50 ലക്ഷം പൂക്കള്‍ വരെ ലഭിക്കും. ഇതിന് ഒന്നര കിലോ വരെ തൂക്കുമുണ്ടാകും. ഒരുകിലോ കുങ്കുമപ്പൂവിന് മൂന്നുലക്ഷം രൂപയാണ് വില.
കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥ അനുകൂലമായതിനാല്‍ അടുത്തവര്‍ഷം കൃഷി വ്യാപിപ്പിക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. കൃഷി വികാസ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഡോ. മാരിമുത്തുവും ഡോ. സുധാകര്‍ സൗന്ദര്‍രാജും ചേര്‍ന്നാണ് ശ്രീനഗറില്‍ നിന്ന് നിലവാരമുള്ള വിത്തുകള്‍ എത്തിച്ചത്. ബംഗളുരു ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. വി. വെങ്കിട സുബ്രഹ്‌മണ്യന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
What's Your Reaction?






