വേനല്‍ച്ചൂടില്‍ തണുപ്പായി മാങ്കുളം: മുപ്പത്തിമൂന്ന് വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ തിരക്കേറുന്നു
വേനല്‍ച്ചൂടില്‍ തണുപ്പായി മാങ്കുളം: മുപ്പത്തിമൂന്ന് വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ തിരക്കേറുന്നു
ഇടുക്കി: കൊടുംചൂടില്‍ ആശ്വാസംതേടി മാങ്കുളത്തെ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം. മധ്യവേനലവധി ആരംഭിച്ചതോടെ ഇടുക്കിയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവരുടെ പ്രധാന കേന്ദ്രമായി ഈ വെള്ളച്ചാട്ടം മാറിയിരിക്കുകയാണ്. കടുത്ത വേനലിലും വറ്റാത്ത നീരൊഴുക്കാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വനത്തിലൂടെ ഒഴുകിയെത്തി പാറക്കെട്ടുകളില്‍നിന്ന് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ഏതു പ്രായക്കാര്‍ക്കും സുരക്ഷിതമായി ആസ്വദിക്കാനാവുമെന്ന പ്രത്യേകതയുണ്ട്. നട്ടുച്ചനേരത്തും കോരിത്തരിപ്പിക്കുന്ന തണുപ്പാണ് ഈ വനചോലയിലെ വെള്ളത്തിന്. ജലപാതത്തിന് താഴെ സുരക്ഷിതമായി നീരാടാനും ചിത്രങ്ങള്‍ പകര്‍ത്താനും സൗകര്യമുള്ളതിനാല്‍ കുടുംബസമേതമാണ് വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്. ആനക്കുളത്ത് കാട്ടാനകളെ കാണാനെത്തുന്ന സഞ്ചാരികള്‍ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടവും സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. മാങ്കുളത്തിന്റെ ഗ്രാമീണ സൗന്ദര്യവും വനത്തിന്റെ പച്ചപ്പും ഒത്തുചേരുന്ന പ്രദേശം വിനോദസഞ്ചാര ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധനേടുകയാണ്. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി മാങ്കുളത്തുനിന്നും ആനക്കുളത്തുനിന്നും ജീപ്പ് സഫാരി സൗകര്യവും ലഭ്യമാണ്. വനസൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം സഞ്ചാരികളുടെ തിരക്കേറുന്നത് പ്രാദേശിക ടൂറിസം മേഖലയ്ക്കും വലിയ ഉണര്‍വാണ് നല്‍കുന്നത്.
What's Your Reaction?