പൂപ്പാറയില്‍ പന്നിയാര്‍പുഴയുടെ തീരത്തെ 29 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ നടപടിതുടങ്ങി: 24 മണിക്കൂറിനുള്ളില്‍ വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം
പൂപ്പാറയില്‍ പന്നിയാര്‍പുഴയുടെ തീരത്തെ 29 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ നടപടിതുടങ്ങി: 24 മണിക്കൂറിനുള്ളില്‍ വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം
ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്ന 29 കുടുംബങ്ങളെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കുടിയൊഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടവും ശാന്തന്‍പാറ പഞ്ചായത്തും നടപടിതുടങ്ങി. 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ വീടുകള്‍ പൊളിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീരിക്കുമെന്ന് കാട്ടി ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. പന്നിയാര്‍ പുഴയുടെ തീരത്ത് പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ച 88 നിര്‍മാണങ്ങള്‍ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. നേരത്തെ പുറമ്പോക്കിലെ വ്യാപാര സ്ഥാപനങ്ങള്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. വീടുകളില്‍ താമസിക്കുന്നവര്‍ക്ക് സമയം അനുവദിച്ചിരുന്നെങ്കിലും ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിലാണ് അന്തിമ നോട്ടീസ് നല്‍കിയത്.
വൃദ്ധമാതാപിതാക്കളും കൈക്കുഞ്ഞുങ്ങളും കിടപ്പുരോഗികളുമടങ്ങുന്ന കുടുംബങ്ങള്‍ എങ്ങോട്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ്.
കൂലിപ്പണിക്കാരായ തങ്ങള്‍ സുമനസുകളുടെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മിച്ചതെന്നും ഇറക്കിവിട്ടാല്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. പുനരധിവാസമൊരുക്കാതെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണിവര്‍. അധികൃതര്‍ നടപടിയുമായി മുന്നോട്ടുപോയാല്‍ റോഡില്‍ പായ വിരിച്ചുകിടന്ന് പ്രതിഷേധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
What's Your Reaction?