എഫ് രാജയ്ക്ക് 'കൈ'കൊടുത്ത് ദേവികുളം: 20 വര്‍ഷത്തെ ഇടതുകുത്തക അവസാനിച്ചു
എഫ് രാജയ്ക്ക് 'കൈ'കൊടുത്ത് ദേവികുളം: 20 വര്‍ഷത്തെ ഇടതുകുത്തക അവസാനിച്ചു
ഇടുക്കി: രണ്ടുപതിറ്റാണ്ടായി എല്‍ഡിഎഫിന്റെ ഇടനെഞ്ചിലായിരുന്ന ദേവികുളം നിയോജകമണ്ഡലം എഫ് രാജയിലൂടെ 'കൈ'പിടിച്ചു. 50,590 വോട്ടുകള്‍ നേടി 5,233 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2006 മുതല്‍ 2021 വരെ എസ് രാജേന്ദ്രനിലൂടെയും 2021 മുതല്‍ 2026 വരെ അഡ്വ. എ രാജയിലൂടെയുമാണ് ദേവികുളത്തെ ഇടതുപാളയത്തില്‍ നിലനിര്‍ത്തിയിരുന്നത്. ഇത്തവണ എഫ് രാജയിലൂടെ വലതുകോട്ടയിലേക്ക് തിരിച്ചെത്തിച്ചു. 20 വര്‍ഷത്തെ എല്‍ഡിഎഫ് കുത്തക നിലംപരിശായി. ഒരുകുടുംബത്തില്‍നിന്നുള്ള മൂന്നാമത്തെ എംഎല്‍എ കൂടിയാണ് എഫ് രാജ. മുന്‍ എംഎല്‍എമാരായ എന്‍ ഗണപതി, കിട്ടപ്പ നാരായണ സ്വാമി എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബത്തിലെ രണ്ടാംതലമുറയില്‍ നിന്നുള്ളയാളാണ് രാജ. ഇരുവരുടെയും സഹോദരന്‍ ഫ്രാന്‍സിസിന്റെ മകനാണ്. പള്ളിവാസല്‍ ആറ്റുകാട് സ്വദേശിയായ രാജ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് കോ ഓര്‍ഡിനേറ്റര്‍, പള്ളിവാസല്‍ പഞ്ചായത്തംഗം, കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍വതിയാണ് അമ്മ. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കള്‍: അനില്‍കുമാര്‍, ആദീഷ് കുമാര്‍.
What's Your Reaction?