ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടിലെ വീട്ടമ്മയുടെ മരണം കൊലപാതകം: പ്രതി പിടിയില്‍
ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടിലെ വീട്ടമ്മയുടെ മരണം കൊലപാതകം: പ്രതി പിടിയില്‍
ഇടുക്കി: ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശാന്തന്‍പാറ സ്വദേശി ജഗന്‍മോഹന്റെ ഭാര്യ ശാന്തി കഴിഞ്ഞ 4നാണ് മരിച്ചത്. സംഭവത്തില്‍ ജഗന്‍മോഹന്റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണന്‍(50)നെ ശാന്തന്‍പാറ പൊലീസ് അറസ്റ്റുചെയ്തു. ജഗന്‍മോഹന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് രാമകൃഷ്ണന്‍ ആണി വാങ്ങാനായി ഇവരുടെ വീട്ടിലെത്തി. ഇക്കാര്യം ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാമെന്ന് ജഗന്‍ പറയുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ ജഗന്‍ ശാന്തി നിലത്ത് ബോധമില്ലാതെ കിടക്കുന്നതായാണ് കണ്ടത്. തനിക്ക് ചായ തന്നതിനുശേഷം കുഴഞ്ഞുവീണതാണെന്ന് രാമകൃഷ്ണന്‍ ജഗന്‍മോഹനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പൂപ്പാറയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ശാന്തി മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് ശാന്തിയുടെ കഴുത്തില്‍ അസ്വഭാവികമായ അടയാളം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസംമുട്ടിയാണ് ശാന്തി മരിച്ചതെന്ന് തിരിച്ചറിഞ്ഞു. രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശാന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മൊഴി നല്‍കിയത്. ശാന്തിയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് രാമകൃഷ്ണന്‍ പൊലീസിന് നല്‍കിയ മൊഴി.
What's Your Reaction?