പൂപ്പാറയിലെ കുടിയൊഴിപ്പിക്കല്‍: നടപടി ജില്ലാ ഭരണകൂടത്തിന്റേത്; പഞ്ചായത്തിന് പങ്കില്ലെന്ന് ഭരണസമിതി
പൂപ്പാറയിലെ കുടിയൊഴിപ്പിക്കല്‍: നടപടി ജില്ലാ ഭരണകൂടത്തിന്റേത്; പഞ്ചായത്തിന് പങ്കില്ലെന്ന് ഭരണസമിതി
ഇടുക്കി: പൂപ്പാറയില്‍ നടന്ന കുടിയൊഴിപ്പിക്കല്‍ നടപടികളില്‍ പഞ്ചായത്തിന് യാതൊരു പങ്കുമില്ലെന്ന് ശാന്തന്‍പാറ പഞ്ചായത്ത് അധികൃതര്‍. കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ നിര്‍ദ്ദേശാനുസരണം റവന്യൂ വകുപ്പാണ് നടപടികള്‍ സ്വീകരിച്ചതെന്ന് പഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന കാര്യം ജില്ലാ ഭരണകൂടം പഞ്ചായത്തിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ സമയം നല്‍കാതെയാണ് റവന്യൂ വകുപ്പ് നടപടികളുമായി മുന്നോട്ട് പോയത്. കലക്ടറുടെ കര്‍ശന നിര്‍ദ്ദേശം പാലിക്കുക മാത്രമാണ് പഞ്ചായത്ത് സെക്രട്ടറി ചെയ്തതെന്നും ഭരണസമിതി വിശദീകരിച്ചു. കുടിയിറക്കപ്പെട്ട 15 കുടുംബങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും പഞ്ചായത്ത് സ്വീകരിക്കും. ഇവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു മാസത്തിനുള്ളില്‍ പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കും. വീട് പണി പൂര്‍ത്തിയാകുന്നത് വരെ വാടക വീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 4000 രൂപ വീതം പഞ്ചായത്ത് നല്‍കും. നിലവില്‍ കുടുംബങ്ങളെ താല്‍ക്കാലികമായി താമസിപ്പിക്കുന്നതിന് പാര്‍പ്പിട സൗകര്യം ലഭ്യമാക്കാന്‍ എച്ച്എംഎല്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ പെരുവഴിയിലാക്കുന്ന നിലപാട് പഞ്ചായത്തിനില്ലെന്നും ആറുമാസത്തിനുള്ളില്‍ അര്‍ഹരായ എല്ലാ കുടുംബങ്ങളുടെയും പുനരധിവാസം പൂര്‍ത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കി. റവന്യൂ വകുപ്പിന്റെ നടപടിയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഭരണസമിതി സജീവമായി രംഗത്തുണ്ടാകുമെന്ന് ത്രിതല പഞ്ചായത്തംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?