രാജാക്കാട് ടൗണില്‍ ഗതാഗത പരിഷ്‌കരണം ജൂണ്‍ ഒന്നുമുതല്‍: അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി

രാജാക്കാട് ടൗണില്‍ ഗതാഗത പരിഷ്‌കരണം ജൂണ്‍ ഒന്നുമുതല്‍: അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി

May 24, 2026 - 14:37
 0
രാജാക്കാട് ടൗണില്‍ ഗതാഗത പരിഷ്‌കരണം ജൂണ്‍ ഒന്നുമുതല്‍: അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിലെ പ്രധാന വാണിജ്യ കേന്ദ്രമായ രാജാക്കാട് ടൗണില്‍ പുതിയ ഗതാഗത പരിഷ്‌കരണം ജൂണ്‍ ഒന്നുമുതല്‍. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരികളും പങ്കെടുത്ത ട്രാഫിക് അഡൈ്വസറി കമ്മിറ്റിയിലാണ് നിര്‍ണായ തീരുമാനങ്ങള്‍. പുതിയ റൂട്ട് മാപ്പും പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ക്കും അന്തിമരൂപമായത്.
പരിഷ്‌കരണത്തിന്റെ ഭാഗമായി ബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടാകും. അടിമാലി ഭാഗത്തുനിന്നുള്ള ബസുകള്‍ ജനകീയ ഹോട്ടലിനുസമീപവും കേജീസ് ജൂവലറിക്കുമുമ്പിലും യാത്രക്കാരെ ഇറക്കി ബൈപ്പാസ് റോഡ് വഴി ബസ് സ്റ്റാന്‍ഡിലെത്തണം. സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന അടിമാലി, വെള്ളത്തൂവല്‍ റൂട്ടിലേക്കുള്ള ബസുകള്‍ ഇന്ത്യന്‍ ഓയില്‍ പമ്പിനുമുമ്പിലും കുഞ്ചിത്തണ്ണി റൂട്ടിലേക്കുള്ള ബസുകള്‍ എന്‍എസ്എസ് മന്ദിരത്തിനുമുമ്പിലുമുള്ള സ്റ്റോപ്പുകളില്‍നിന്ന് യാത്രക്കാരെ കയറ്റണം. രാജകുമാരി, മാങ്ങാത്തൊട്ടി റൂട്ടുകളില്‍നിന്നുള്ള ബസുകള്‍ ഫെഡറല്‍ ബാങ്കിന് എതിര്‍വശത്തും കുത്തുങ്കല്‍-കുഞ്ചിത്തണ്ണി റൂട്ടില്‍നിന്നുള്ള ബസുകള്‍ കേജീസ് ജൂവലറിക്കും മുമ്പിലുള്ള സ്റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
ഒരുസ്റ്റോപ്പിലും ബസുകള്‍ക്ക് 3 മിനിറ്റില്‍ കൂടുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. കൂടാതെ, ബസ് സ്റ്റാന്‍ഡ് ബൈപ്പാസ് റോഡില്‍നിന്ന് രാജാക്കാട്-പൂപ്പാറ റോഡിലേക്ക് പ്രവേശിക്കാന്‍ പാടില്ല.
ടൗണിലെ പ്രധാന റോഡുകളിലെല്ലാം പാര്‍ക്കിങ് നിരോധിച്ചു. മാര്‍ക്കറ്റ് റോഡ്, പള്ളി റോഡ്, ബസ് സ്റ്റാന്‍ഡ് റോഡ്, ബൈപാസ് റോഡ്, മാങ്ങാത്തൊട്ടി റോഡില്‍ കനകക്കുന്ന് ജങ്ഷന്‍ വരെ, കുത്തുങ്കല്‍ റോഡില്‍ പോസ്റ്റ്ഓഫീസ് വെയിറ്റിങ് ഷെഡ് വരെ എന്നിവിടങ്ങള്‍ പാര്‍ക്കിങ് നിരോധന മേഖലകളാണ്. കാല്‍നടയാത്രികര്‍ക്കായി റോഡരികിലുള്ള നടപ്പാതകളിലും പാര്‍ക്കിങ് പാടില്ല. 
പൊതുജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മാര്‍ക്കറ്റ് റോഡില്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും മാങ്ങാത്തൊട്ടി റോഡില്‍ കാരിയേലില്‍ സജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും ഗവ. സ്‌കൂളിനുസമീപം വാവലക്കാട്ട് സാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
വ്യാപാരികള്‍ റോഡിലേക്ക് ഇറക്കിവച്ചിട്ടുള്ള ബോര്‍ഡുകള്‍, ഹോര്‍ഡിങ്‌സുകള്‍, വഴിയോര കച്ചവടങ്ങള്‍ എന്നിവ അടിയന്തരമായി നീക്കമെന്നും നിര്‍ദേശിച്ചു. ജൂണ്‍ ഒന്നുമുതല്‍ ടൗണില്‍ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കര്‍ശന പരിശോധനയുണ്ടാകും.
യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷനായി. പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, പഞ്ചായത്തംഗം ജോഷി കന്യാക്കുഴി, എസ്എച്ച്ഒ പി ശ്രീകുമാരന്‍ നായര്‍, സബ് ആര്‍ടിഒ വാഗീശ്വരന്‍, പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ എം യു ശ്രീജിത്ത്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി എസ് ബിജു, എസ്‌ഐ എം എസ് അഭിജിത് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow