ഇഡി റെയ്ഡ്: എല്‍ഡിഎഫ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

ഇഡി റെയ്ഡ്: എല്‍ഡിഎഫ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

May 29, 2026 - 11:46
 0
ഇഡി റെയ്ഡ്: എല്‍ഡിഎഫ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
This is the title of the web page

ഇടുക്കി: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനവും യോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. സുപ്രീംകോടതിയും ഹൈക്കോടതിയും തള്ളിയ കേസ് വീണ്ടും കുത്തിപ്പൊക്കി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് പകപോക്കുമ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഒത്താശ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണിത്. കേന്ദ്രത്തിന്റെ അഹങ്കാരത്തിന് ജനങ്ങള്‍ നല്‍കിയ താക്കീതാണ് കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പരിപാടികള്‍. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടുവെന്ന തരത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തിയിരുന്നു. എന്നാല്‍, പിണറായിയുടെ ദേഹത്ത് തൊടാന്‍ കഴിയില്ലെന്ന് ജനം മുന്നറിയിപ്പ് നല്‍കി. അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനറും സിപിഐ ജില്ലാ സെക്രട്ടറിയുമായ കെ സലിംകുമാര്‍ അധ്യക്ഷനായി. ജനകീയ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന രീതി കേന്ദ്രം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. ഇതിലൂടെ കോണ്‍ഗ്രസ്-ബിജെപി ഡീലുകള്‍ ഒന്നൊന്നായി പുറത്താകുന്നു. വിഷയത്തില്‍ എഐസിസി നിലപാട് വ്യക്തമാക്കണം. 
മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്തിയില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ എഴുതിനല്‍കിയാണ് മടങ്ങിയത്. രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുന്ന ബിജെപി-ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.
എല്‍ഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, അഡ്വ. മനോജ് എം തോമസ്, വി ആര്‍ സജി, വി ആര്‍ ശശി, സിനോജ് വള്ളാടി, മാത്യു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ അണിനിരന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow