ചിന്നക്കനാലിലെ വനഭൂമിയിലെയും ആനയിറങ്കല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെയും കൈയേറ്റം ഒഴിപ്പിച്ചു

ചിന്നക്കനാലിലെ വനഭൂമിയിലെയും ആനയിറങ്കല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെയും കൈയേറ്റം ഒഴിപ്പിച്ചു

May 29, 2026 - 15:13
 0
ചിന്നക്കനാലിലെ വനഭൂമിയിലെയും ആനയിറങ്കല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെയും കൈയേറ്റം ഒഴിപ്പിച്ചു
This is the title of the web page

ഇടുക്കി: ചിന്നക്കനാലില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു. ആനയിറങ്കല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉള്‍പ്പെടെ നടന്ന കൈയേറ്റമാണ് ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്. കാട്ടാനകളുടെ താവളമായ ഇവിടെ വന്യമൃഗങ്ങളെ തടയാനായി കൈയേറ്റക്കാര്‍ സ്ഥാപിച്ച കമ്പി വേലികളും മുള്ളുവേലികളും പൊളിച്ചുനീക്കി. വെട്ടിത്തെളിച്ച നിരവധി ഏക്കര്‍ സ്ഥലത്ത് ഏലം കൃഷിചെയ്യാനുള്ള ശ്രമമാണ് ഇല്ലാതാക്കിയത്.
ചിന്നക്കനാല്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 34/1ല്‍ ഉള്‍പ്പെട്ട ചിന്നക്കനാല്‍ അണ്ടര്‍ റിസര്‍വ് വനഭൂമിയിലാണ് ഒഴിപ്പിക്കല്‍ നടന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഒന്നര ഹെക്ടര്‍ വനഭൂമിയാണ് കൈയേറ്റക്കാരുടെ പക്കല്‍നിന്ന് തിരിച്ചുപിടിച്ചത്. കൂടാതെ കെഎസ്ഇബിയുടെ ആനയിറങ്കല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശവു വന്‍തോതില്‍ കൈയേറി. ഇവിടെ രഹസ്യമായി കാടുവെട്ടിത്തെളിച്ച് വലിയതോതില്‍ ഏലം കൃഷി ചെയ്യുകയായിരുന്നു. കൂടുതല്‍ സ്ഥലം വെട്ടിത്തെളിച്ച് കൃഷിയിറക്കാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.
20ലേറെ കാട്ടാനകള്‍ സ്ഥിരമായി തമ്പടിക്കുന്നതും സഞ്ചരിക്കുന്നതുമായ പ്രധാന ഇടനാഴിയാണിത്.  ആനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ വന്‍ മരങ്ങളില്‍ ഡ്രില്‍ ചെയ്ത് 2 ഇഞ്ച് കനമുള്ള കൂറ്റന്‍ കമ്പിവേലികളും മുള്ളുവേലികളും സ്ഥാപിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിച്ചാല്‍ പോലും പൊട്ടാത്ത തരത്തിലുള്ളവയാണിത്.
ആനകളെ തുരത്താന്‍ വനംവകുപ്പിന്റെ ആര്‍ആര്‍ടി ശ്രമിച്ചെങ്കിലും കമ്പിവേലികളുള്ളതിനാല്‍ ഇവറ്റകള്‍ക്ക് ഉള്‍ക്കാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് കാട്ടാനക്കൂട്ടം നിരന്തരമായി ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ പ്രധാന കാരണമെന്ന് വനപാലകര്‍ പറയുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരെയും വാച്ചര്‍മാരെയും പ്രദേശവാസികള്‍ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏലച്ചെടികള്‍ പിഴുതുമാറ്റുകയും കട്ടറുകള്‍ ഉപയോഗിച്ച് കമ്പിവേലികള്‍ മുറിച്ചുനീക്കുകയും ചെയ്തു. മുള്ളുവേലികള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിയാത്തതിനാല്‍ വരുംദിവസങ്ങളിലും ഒഴിപ്പിക്കല്‍ തുടരും.
1986-ലെ കേരള വൃക്ഷ സംരക്ഷണ നിയമം(സെക്ഷന്‍ 5, സബ് സെക്ഷന്‍ 1), കേരള ഫോറസ്റ്റ് ആക്ട് എന്നിവ പ്രകാരം വനംവകുപ്പ് കേസെടുത്തു. കൈയേറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണവും തുടങ്ങി. വനഭൂമി പൂര്‍ണമായി സംരക്ഷിക്കുന്നതിനൊപ്പം കെഎസ്ഇബിക്ക് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കുമെന്നും റേഞ്ച് ഓഫീസര്‍ അറിയിച്ചു. വഴിതിരിച്ചുവിട്ട ആനത്താരകള്‍ പുനഃസ്ഥാപിക്കാന്‍ ഈപ്രദേശത്ത് പുതിയ ഔട്ട്‌പോസ്റ്റും വനംവകുപ്പ് ഷെഡും ഉടന്‍ സ്ഥാപിക്കുമെന്നാണ് വനപാലകര്‍ അറിയിച്ചിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow